തിരുവനന്തപുരം: പ്രവാസികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക് പുറമെ സമഗ്ര പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിന് 2,000 കോടിയുടെ വിശദ നിർദേശം ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ഒക്ടോബര്‍ 26 വരെ 17,51,852 പ്രവാസി മലയാളികൾ തിരിച്ചെത്തി. എയര്‍പോര്‍ട്ട് അതോറിറ്റി നൽകുന്ന വിവരപ്രകാരം കഴിഞ്ഞവർഷം മേയ് മുതല്‍ ഇൗ ഒക്ടോബര്‍വരെ കേരളത്തിലെ വിമാനത്താവളങ്ങൾ വഴി 39,55,230 പേര് വിദേശത്തേക്ക് യാത്ര ചെയ്തിട്ടുണ്ട്. തിരിച്ചെത്തിയവരില്‍ 12.67 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇവരെ പുനരധിവസിപ്പിക്കാനും തൊഴില്‍ സംരംഭക പദ്ധതികള്‍ ആവിഷ്കരിക്കാനും ബജറ്റില്‍ 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇവർക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പിന്തുണ നല്കുന്ന 'നോര്‍ക്ക ഡിപ്പാര്‍ട്ട്മെൻറ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സ്' പദ്ധതി വിപുലീകരിച്ചു പദ്ധതി വിഹിതം 2021-22 ല്‍ 24.4 കോടി രൂപയാക്കിയിട്ടുണ്ട്. 30 ലക്ഷം രൂപവരെയുള്ള ബാങ്ക് വായ്പകള്‍ക്ക് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം) നാലു വര്‍ഷത്തേക്ക് മൂന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും.
മടങ്ങിയെത്തിയവരില്‍ വായ്പ മുടങ്ങി ജപ്തി ഭീഷണി നേരിടുന്ന വരുടെ വിഷയവും പദ്ധതികള്‍ക്ക് വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ അനുഭാവ സമീപനം സ്വീകരിക്കണമെന്ന കാര്യവും ബാങ്കേഴ്സ് സമിതിയിൽ ഉന്നയിക്കും. പ്രവാസികള്‍ സര്‍ക്കാര്‍ രേഖകള്‍ക്ക് അപേക്ഷിച്ചാല്‍ 15 ദിവസത്തിനകം ലഭ്യമാക്കാൻ റവന്യൂ, തദ്ദേശ വകുപ്പുകള്‍ക്ക് നിർദേശം നല്കി. വിദേശത്തുനിന്ന് ശമ്പളവും മറ്റ് ആനുകൂല്യവും ലഭിക്കാനുള്ളവര്‍ നോര്‍ക്കയിൽ സമർപ്പിച്ച അപേക്ഷകള്‍ എംബസികളുടെയും വിദേശ മന്ത്രാലയങ്ങളുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.