ബാര്‍കോഴ: അന്വേഷണം ഏത് ഘട്ടത്തിലായെന്ന് ഹൈകോടതി

കൊച്ചി: ബാര്‍ കോഴക്കേസിലെ അന്വേഷണം ഏത് ഘട്ടത്തിലെന്ന് ഹൈകോടതി. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മന്ത്രി കെ. ബാബുവിനും ആരോപണമുന്നയിച്ച ബിജു രമേശിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി നേതാവായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി പി.എന്‍. ശ്രീകുമാരന്‍ നമ്പൂതിരി നല്‍കിയ ഹരജി പരിഗണിക്കവെയാണ് അന്വേഷണം സംബന്ധിച്ച വിവരം കോടതി വാക്കാല്‍ ആരാഞ്ഞത്.
 അന്വേഷണത്തിന്‍െറ അവസ്ഥ വ്യക്തമാക്കി വിശദീകരണം നല്‍കാനും സത്യവാങ്മൂലമായി സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിനോട് വാക്കാല്‍ ഉത്തരവിട്ടു. ഹരജി 10 ദിവസത്തിനുശേഷം പരിഗണിക്കാനായി മാറ്റി. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി ആര്‍. സുകേശനെ ഒഴിവാക്കി പുതിയ പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്നും ഇതിന് ഹൈകോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.
 കേസിന്‍െറ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കി, ഇടതുഭരണ കാലത്ത് മന്ത്രിയായിരുന്ന എളമരം കരീമിനെതിരായ വിജിലന്‍സ് കേസില്‍ അദ്ദേഹത്തിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കി എന്നീ കാര്യങ്ങള്‍  ചൂണ്ടിക്കാട്ടിയാണ് എസ്.പി സുകേശനെ മാറ്റിനിര്‍ത്തി ബാബുവിനും ബിജു രമേശിനുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്ത് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഹരജിക്കാരന്‍ ഉന്നയിച്ചത്. താന്‍ നേരിട്ട് കോഴ നല്‍കിയെന്ന് ബിജു രമേശ്തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ബിജുവിനെതിരെയും മന്ത്രി ബാബുവിനെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം.
അതേസമയം, മന്ത്രി മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ സുപ്രീംകോടതിയിലെ സ്വകാര്യ അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയതിന്‍െറ പ്രതിഫലം സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കരുതെന്നാവശ്യപ്പെടുന്ന ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. നിയമപ്രശ്നം ഇല്ലാതിരിക്കെ പുറത്തുനിന്ന് സ്വകാര്യ നിയമോപദേശം നേടിയ നടപടി അനധികൃതമാണെന്നും ഇതിന് ചെലവ് വന്ന തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണമെന്നുമാവശ്യപ്പെട്ട് ഫിയറ്റ് ജസ്റ്റീഷ്യ എന്ന സംഘടന നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പിന്നീട് പരിഗണിക്കാന്‍ മാറ്റിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.