കൊച്ചി: കെ.എം. മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന റിവ്യൂ ഹരജി പിന്‍വലിച്ചു. ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിന്‍െറ ബെഞ്ചില്‍നിന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ബെഞ്ച് മുമ്പാകെ ഹരജി എത്തിയെങ്കിലും കൂടുതല്‍ വാദത്തിലേക്ക് കടക്കുംമുമ്പ് ഹരജിക്കാരനായ തൊടുപുഴ സ്വദേശി സണ്ണി മാത്യുവിന്‍െറ അഭിഭാഷകന്‍ ഹരജി പിന്‍വലിക്കാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. ഇതേ വിഷയത്തില്‍ നേരത്തേ ഹരജി തീര്‍പ്പാക്കിയതാണെന്നിരിക്കെ മറ്റൊരു ഹരജി സമാന വിഷയത്തില്‍ പരിഗണിക്കുന്നത് അനുവദനീയമല്ളെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കടുത്ത പിഴ വിധിക്കേണ്ട നടപടിയാണ് ഹരജിക്കാരനില്‍നിന്ന് ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ഹരജി പിന്‍വലിക്കാന്‍ ഹരജിക്കാരന്‍ അനുമതി തേടിയത്.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മാണിക്കെതിരെ തുടരന്വേഷണം ആകാമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹരജിക്കാരന്‍ ക്രിമിനല്‍ റിവിഷന്‍ ഹരജിയുമായി കോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കുമ്പോള്‍തന്നെ നിലനില്‍ക്കുന്നതാണോയെന്ന സംശയം കോടതി ഉന്നയിച്ചു. എതിര്‍കക്ഷിയായ അഡ്വ. നോബിള്‍ മാത്യുവിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ. രാംകുമാറും ഇതേ വിഷയമുന്നയിച്ചു. നേരത്തേ സമാനഹരജി കോടതി തീര്‍പ്പാക്കിയതാണ്. ആ ഹരജിയിലെ എതിര്‍കക്ഷി കൂടിയാണ് ഈ കേസിലെ ഹരജിക്കാരന്‍. അഭിഭാഷകന്‍ കൂടിയായ ഹരജിക്കാരന്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ളെന്നും സ്പോണ്‍സേഡ് ഹരജിയാണ് ഇതെന്നും അഡ്വ. രാംകുമാര്‍ ആരോപിച്ചു. തുടര്‍ന്നാണ് ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്. പിന്‍വലിക്കാന്‍ അനുമതി നല്‍കിയ കോടതി ഹരജി തീര്‍പ്പാക്കുകയായിരുന്നു.
ഹരജി ആദ്യം പരിഗണിക്കുകയും കേസില്‍ സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്ന് നിരീക്ഷണം നടത്തുകയും ചെയ്ത ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ ബുധനാഴ്ച ഹരജി പരിഗണിക്കാനിരിക്കെയാണ് ഈ ബെഞ്ചില്‍നിന്ന് കേസ് ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ചിലേക്കത്തെിയത്.
ക്രിമിനല്‍ റിവിഷന്‍ ഹരജി പരിഗണിക്കാന്‍ ചുമതലപ്പെട്ട ജഡ്ജിയായതിനാല്‍ ജസ്റ്റിസ് സുധീന്ദ്രകുമാറാണ് ഹരജി ആദ്യം പരിഗണിച്ചത്. പരിഗണനവിഷയം മാറുകയോ കക്ഷികളില്‍ ആരെങ്കിലും പരാതി നല്‍കുകയോ സ്വമേധയാ ഒഴിവാകുകയോ ചെയ്യാതെയാണ് ഹരജി ജസ്റ്റിസ് സുധീന്ദ്രകുമാറിന്‍െറ ബെഞ്ചില്‍നിന്ന് ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ചിലേക്ക് മാറ്റിയത്. ഇത് അസാധാരണ സംഭവമാണെങ്കിലും ചീഫ് ജസ്റ്റിസിന് ഒരുജഡ്ജിയില്‍നിന്ന് കേസ് മറ്റൊരു ജഡ്ജിയുടെ പരിഗണനക്ക് വിടാന്‍ അധികാരമുണ്ട്. സമാനസ്വഭാവമുള്ള കേസ് നേരത്തേ പരിഗണിച്ച ബെഞ്ചെന്ന നിലയിലാണ് ജസ്റ്റിസ് കെമാല്‍ പാഷയുടെ പരിഗണനക്ക് ഹരജി മാറ്റിയതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ആദ്യം പരിഗണിച്ച ജഡ്ജി അറിയാതെതന്നെ കേസ് മാറ്റിയതില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.