മൈക്രോ ഫിനാന്‍സ്: 400ലേറെ പേര്‍ക്കെതിരെ ജപ്തി നടപടി

അടിമാലി: മൈക്രോ ഫിനാന്‍സ് വായ്പയെടുത്ത കുടുംബ യൂനിറ്റുകളിലെ അംഗങ്ങള്‍ക്കെതിരെ ജപ്തി നടപടി. എസ്.എന്‍.ഡി.പി അടിമാലി യൂനിയന് കീഴിലുള്ള കുടുംബ യൂനിറ്റുകള്‍, സ്വയംസഹായ സംഘങ്ങള്‍ എന്നിവ വഴി വായ്പയെടുത്തവര്‍ക്കെതിരെയാണ് നടപടി. ഉടുമ്പന്‍ചോല താലൂക്കിലെ രാജാക്കാട്, രാജകുമാരി, പൂപ്പാറ, ശാന്തന്‍പാറ വില്ളേജുകളുടെ പരിധിയില്‍ വരുന്ന 400ലേറെ പേര്‍ക്കാണ് ഉടുമ്പന്‍ചോല താലൂക്കിലെ റവന്യൂ റിക്കവറി വിഭാഗം 12014/4645/6 നമ്പര്‍ ഉത്തരവ് പ്രകാരം ജപ്തി നടപടിക്ക് ഉത്തരവിറക്കിയത്.
2006, 2007 സാമ്പത്തിക വര്‍ഷം അടിമാലി എസ്.ബി.ഐ ശാഖയില്‍നിന്നാണ് മൈക്രോ ഫിനാന്‍സ് പദ്ധതി പ്രകാരം വനിതകള്‍ക്ക് വായ്പ നല്‍കിയത്. വായ്പത്തുക പലിശ ഉള്‍പ്പെടെ യൂനിയന്‍ ഓഫിസില്‍ അടച്ചതായി വായപക്കാര്‍ പറയുന്നുണ്ടെങ്കിലും തുക ബാങ്കില്‍ അടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് പലകുറി നോട്ടീസും മറ്റും വായ്പക്കാര്‍ക്ക് അയച്ചതിന് ശേഷമാണ് റവന്യൂ റിക്കവറിക്കായി റവന്യൂ വകുപ്പിന് കൈമാറിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ വായ്പ എടുത്തവര്‍ രാജാക്കാട് പഞ്ചായത്തിലാണ്.
ചില സംഭവങ്ങളില്‍ കോടതി ഉത്തരവുമായി എത്തി ജപ്തി നടപടികള്‍ താത്കാലികമായി തടഞ്ഞിട്ടുണ്ടെങ്കിലും കൂടുതല്‍ പേര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ച് തുടങ്ങിയതോടെ വായ്പയെടുത്ത സ്ത്രീകള്‍ ഭീതിയിലാണ്.
10,000  മുതല്‍ 50,000 രൂപവരെ വായ്പയെടുത്തവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ കൃത്യമായി മുതലും പലിശയും അടച്ചതായി പറയുന്നെങ്കിലും വായ്പ തിരിച്ചടച്ചിട്ടില്ളെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. പിന്നാക്ക വിഭാഗങ്ങളില്‍പെടുന്ന അംഗങ്ങള്‍ക്ക്  വിവിധ തൊഴില്‍ ചെയ്യുന്നതിനും സ്വയംപര്യാപ്തതയും ലക്ഷ്യമാക്കി കുറഞ്ഞ പലിശക്ക് നല്‍കിയ വായ്പയാണ് കുടിശികയാക്കിയിരിക്കുന്നത്. ഇപ്പോള്‍ ജപ്തി നടപടി നേരിടുന്ന ഉടുമ്പന്‍ചോല താലൂക്കിലെ രാജാക്കാട് വില്ളേജില്‍ 10 കുടുംബ യൂനിറ്റുകളാണുള്ളത്. ഒരോ യൂനിറ്റുകളിലും 15 മുതല്‍ 20 പേര്‍വരെ ലോണ്‍ എടുത്തിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.