ആര്‍.ടി ഓഫിസുകളില്‍ അധിക കൗണ്ടര്‍ തുടങ്ങുന്നു


തിരുവനന്തപുരം: എല്ലാ റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളിലും മൂന്നാമതൊരു കൗണ്ടര്‍ കൂടി തുറക്കാന്‍ നിര്‍ദേശിച്ച് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. എല്ലാ ഓഫിസിലും മൂന്ന് കൗണ്ടറും സബ് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളില്‍ ഒരു കൗണ്ടറും ഫാസ്റ്റ് ട്രാക് കൗണ്ടറായി പ്രവര്‍ത്തിപ്പിക്കും. ഫ്രന്‍ഡ്സ് ജനസേവന കേന്ദ്രങ്ങളിലുണ്ടായിരുന്ന മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് ഫാസ്റ്റ് ട്രാക് കൗണ്ടറുകളില്‍ നിയമിക്കും.
2001ല്‍ ജനസേവനകേന്ദ്രം ആരംഭിക്കുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് -ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍, 2008ല്‍ മോട്ടോര്‍ വാഹനവകുപ്പിന്‍െറ എല്ലാ റീജ്യനല്‍, സബ് റീജ്യനല്‍ ഓഫിസുകളിലും ഇത് ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നത്. അതിനുപുറമെ ഫ്രന്‍ഡ്സില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറും ആര്‍.ടി.ഒ ഓഫിസുകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറും രണ്ട് വിധത്തിലുള്ളതാണ്. ഫ്രന്‍ഡ്സ് വഴി സ്വീകരിക്കുന്ന ഫീസ് ഉപയോഗിച്ച് സേവനം നല്‍കുന്ന രസീതിനെ ആര്‍.ടി.ഒ ഓഫിസുകളില്‍ വീണ്ടും പുതിയ രസീതായി മാറ്റിയെടുത്താലേ നടപടികള്‍ പൂര്‍ത്തിയാവൂ. ഈ സാഹചര്യത്തിലാണ് പുതിയ നടപടി.
ഫാസ്റ്റ് ട്രാക് കൗണ്ടറുകളുടെ പ്രവര്‍ത്തനസമയം റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളില്‍ രാവിലെ 10.30 മുതല്‍ ഒരുമണി വരെയും ഉച്ചക്ക് 2.15 മുതല്‍ 4.30 വരെയും സബ് റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളില്‍ ഉച്ചക്ക് രണ്ട് മുതല്‍ 4.30 വരെയും ആയിരിക്കും. ഫാസ്റ്റ് ട്രാക് കൗണ്ടറിനാവശ്യമായ സാമഗ്രികളുണ്ടെന്ന് ബന്ധപ്പെട്ട ഓഫിസര്‍ ഉറപ്പു വരുത്തണം. ഫാസ്റ്റ്  ട്രാക് കൗണ്ടര്‍ വഴി പരിഗണിക്കുന്ന അപേക്ഷകളുടെ എണ്ണം എത്രയെന്ന് നിജപ്പെടുത്താന്‍ പാടില്ല.
ഫാസ്റ്റ് ട്രാക് കൗണ്ടറിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഒരു ഓഫീസ് അറ്റന്‍ഡന്‍റിനെ ചുമതലപ്പെടുത്തും.
 കൗണ്ടര്‍ വഴി സേവനം ലഭ്യമാകുന്നതിന് പൊതുജനങ്ങള്‍ ഓണ്‍ലൈന്‍ ആപ്ളിക്കേഷന്‍ സമര്‍പ്പിക്കണമെന്നും ഇ-പേയ്മെന്‍റ്, ഇ-ട്രഷറി വഴി ഫീസ് അടയ്ക്കണമെന്നുമുള്ള വ്യവസ്ഥയുണ്ട്. അതേസമയം ഇത്തരത്തില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടില്ളെന്ന കാരണത്തില്‍ ഫാസ്റ്റ് ട്രാക് കൗണ്ടറുകള്‍ വഴി സേവനം നിഷേധിക്കാന്‍ പാടില്ളെന്നും  സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇതിന് ഫീസ് സ്വീകരിക്കാം. നിസ്സാര കാരണങ്ങള്‍ കാണിച്ച് സേവനങ്ങള്‍ നിഷേധിക്കാന്‍ പാടില്ല. ലഘുവായ ന്യൂനതകളുള്ള അപേക്ഷകള്‍ അന്ന് വീണ്ടും പരിഗണിക്കണം.  ഇവ പരിഹരിച്ച് തീര്‍പ്പ് കല്‍പിക്കണം.
സംസ്ഥാനത്തിനകത്ത് ഒരു ഓഫിസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വാഹനം മറ്റൊരു ഓഫിസിന് കീഴിലെ വ്യക്തി വാങ്ങിയാലും അപേക്ഷകള്‍ ഫാസ്റ്റ്ട്രാക് കൗണ്ടര്‍ വഴി പേര് മാറ്റിക്കൊടുക്കണം. വാഹനത്തിന്‍െറ ഉടമസ്ഥാവകാശം മാറ്റുന്നതിന് വാഹനം വിറ്റ വ്യക്തിക്കോ വാഹനം വാങ്ങിയ വ്യക്തിക്കോ ഫാസ്റ്റ് ട്രാക് കൗണ്ടര്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി രണ്ട് കൂട്ടരും വരേണ്ടതില്ല.
 ഈ കൗണ്ടറുകള്‍ വഴി ഏജന്‍റുമാരോ ഇടനിലക്കാരോ അപേക്ഷകള്‍ സമര്‍പ്പിക്കുന്നില്ളെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.