കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വ്യവസായിയുടെ ശിക്ഷ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി ഹൈകോടതി റദ്ദാക്കി

കൊച്ചി: ആക്രമണക്കേസില്‍ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വ്യവസായിയില്‍നിന്ന് പിഴയീടാക്കി, കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയ  സര്‍ക്കാര്‍ നടപടി ഹൈകോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാണെന്നും പ്രതിയുടെ അപേക്ഷ വീണ്ടും പരിഗണിച്ച് രണ്ടുമാസത്തിനകം നിയമപരമായി തീര്‍പ്പാക്കണമെന്നും നിര്‍ദേശിച്ചാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ഉത്തരവ്. നിയമപരമല്ലാത്ത രീതിയില്‍ ശിക്ഷയിളവിന് ശിപാര്‍ശചെയ്ത നിയമ സെക്രട്ടറിയെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
തിരുവനന്തപുരം സ്വദേശിയായ ഡേവിഡ് ലാലിയുടെ ശിക്ഷ ഇളവുചെയ്തതിനെതിരെ ആക്രമണത്തിനിരയായ തിരുവനന്തപുരം മലയം സ്വദേശി വൈ. ജോര്‍ജുകുട്ടി നല്‍കിയ ഹരജിയാണ് കോടതി തീര്‍പ്പാക്കിയത്.
മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പിച്ചെന്ന കേസില്‍ രണ്ടുവര്‍ഷം കഠിനതടവും ആയിരം രൂപ പിഴയടക്കാനുമാണ് നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ശിക്ഷിച്ചത്. ഈ വിധി ഹൈകോടതിയും പിന്നീട് സുപ്രീംകോടതിയും ശരിവെച്ചു. സുപ്രീംകോടതി കീഴടങ്ങാന്‍ നിര്‍ദേശിച്ചിട്ടും 17 വര്‍ഷം ഒളിവില്‍ കഴിഞ്ഞു. പിന്നീട് പിടിയിലാകുമെന്നായപ്പോള്‍ ശിക്ഷയിളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് അപേക്ഷ നല്‍കുകയായിരുന്നു. കീഴടങ്ങാന്‍ പോലും മടിക്കുന്ന പ്രതിക്ക് ശിക്ഷ ഇളവുചെയ്ത് നല്‍കരുതെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദശേം നല്‍കുമെന്നും ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഇത് മറികടന്ന് ഒരുലക്ഷം രൂപയാക്കി പിഴ വര്‍ധിപ്പിച്ച് ശിക്ഷ റദ്ദാക്കാമെന്ന നിര്‍ദേശം റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി എഴുതിയെന്നും  ഇതിന്‍െറ അടിസ്ഥാനത്തില്‍ ശിക്ഷയിളവ് നല്‍കിയെന്നും ആരോപിച്ചാണ് 1987ല്‍ ഡേവിഡ് ലാലിയുടെ ആക്രമണത്തിനിരയായ ജോര്‍ജുകുട്ടിയും അടൂര്‍ സ്വദേശി രാജീവ് പിള്ളയും കോടതിയെ സമീപിച്ചത്.
ശിക്ഷ റദ്ദാക്കി ഉത്തരവിട്ടത് ശരിയായ വസ്തുതകള്‍ പഠിക്കാതെയും കാര്യങ്ങള്‍ വിലയിരുത്താതെയുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുന്‍ നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് സര്‍ക്കാര്‍ ഇത്തരം നടപടി സ്വീകരിച്ചതെന്ന് വ്യക്തമാണ്. വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണ് നിയമ വകുപ്പ് സെക്രട്ടറിയും ഡേവിഡ് ലാലിക്കുവേണ്ടി ശിപാര്‍ശചെയ്തത്. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള നിയമ സെക്രട്ടറി ഇത്തരത്തില്‍ നിരുത്തരവാദപരമായ ഉപദേശം നല്‍കിയത് ഖേദകരമാണ്. സുപ്രീംകോടതി വരെ ശിക്ഷിച്ച ഇയാള്‍ പല ക്രമിനല്‍ കേസിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും മറ്റു കേസുകളില്‍ പ്രതിയല്ളെന്നാണ് കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. നേരത്തേ ചെക് തട്ടിപ്പ് കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് ഹരജിക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.