ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനക്കെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി; ‘സാദിഖലി തങ്ങൾ ഖാദിയാകാൻ സർവദാ യോഗ്യൻ’

കൊച്ചി: ഉമർ ഫൈസി മുക്കത്തിന് മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. സാദിഖലി തങ്ങൾ ഖാദിയാകാൻ സർവദാ യോഗ്യനെന്നും, ഓരോ കാലത്തും ഓരോരോ പ്രശ്‌നങ്ങൾ സജീവമാക്കി നിർത്താനാണ് ചിലരുടെ ശ്രമമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. തങ്ങൾമാരെ വിമർശിച്ചാൽ രാഷ്ട്രീയപരമായി ലീഗിന് 10 വോട്ട് കൂടുമെന്നും പാർലമെന്റ് തെരഞ്ഞെടുപ്പിൽ അത് കണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്‌തയുടേതല്ല വ്യക്തികളുടെ വിമർശനമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഇത്തരം ആളുകളുടെ പ്രസ്‌താവന ഉചിതമാണോ എന്ന കാര്യം അതത് സംഘടനകൾ പരിശോധിക്കണം.

സി.പി.എമ്മിനെതിരെയും കുഞ്ഞാലിക്കുട്ടി രൂക്ഷവിമർശനം ഉന്നയിച്ചു. ഒരോ സമയത്തും സി.പി.എം ഓരോ കാർഡ് ഇറക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമി സ്വാഭാവിക കക്ഷി എന്നാണ് സി.പി.എം മുൻപ് പറഞ്ഞിരുന്നത്. ഇപ്പോൾ നിലപാട് മാറ്റിയാൽ ജനം വിശ്വസിക്കുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സി.പി.എം ഒപ്പം കൂടിയത് എന്തിനെന്ന് ആദ്യം പറയട്ടെ, എന്നിട്ട് ബാക്കി ഞങ്ങള് പറയാമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെയുള്ള ജനവികാരം പ്രതിഫലിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നേരത്തെ കോഓഡിനേഷൻ ഓഫ് ഇസ്‍ലാമിക് കോളജസ് (സി.ഐ.സി), ഖാദി ഫൗണ്ടേഷൻ വിഷയങ്ങളിൽ രൂക്ഷ വിമർശനവുമായി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം രംഗത്തെത്തിയിരുന്നു. സമസ്തയെ വെല്ലുവിളിച്ച് പുതിയ കൂട്ടായ്മ ഉണ്ടാക്കുന്നുവെന്നും അതിരുവിട്ടാൽ ആയുധങ്ങൾ പുറത്തെടുക്കുമെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കി. യോഗ്യതയില്ലാത്ത പലരും ഖാദിമാരായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"തനിക്ക് ഖാദി ആവണമെന്ന് ചിലർക്കുണ്ട്. രാഷ്ട്രീയത്തിന്‍റെ പേരിൽ ഖാദിയാക്കാൻ ചിലരുണ്ട്. ഖാദിയാകാൻ ഇസ് ലാമിക നിയമങ്ങളുണ്ട്. അത് പാലിക്കാതെ പലരും ഖാദി ആകുന്നു. മുമ്പിൽ വരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള വിവരം ഒരു ഖാദിക്ക് വേണം. അത് ഉണ്ടെന്ന് അവർ അവകാശപ്പെടുന്നില്ല. കിത്താബ് ഓതിയ ആളാണെന്ന് ആരും പറയുന്നുമില്ല.

സി.ഐ.സി വിഷയത്തിൽ സമസ്ത ഒരു കാര്യം പറഞ്ഞു. അത് കേൾക്കാനും തയാറില്ല. പണ്ട് അങ്ങനെയാണോ. സമസ്ത പറയുന്ന കാര്യങ്ങളുടെ കൂടെയാണ് സാദാത്തുക്കൾ നിന്നിരുന്നത്, ഇതിന് തയാറാകുന്നില്ല. ഇപ്പോൾ സമസ്തയെ വെല്ലുവിളിച്ച് വേറെ പാർട്ടി ഉണ്ടാക്കുകയാണ്. നമ്മുടെ കൈയിൽ ആയുധങ്ങളുണ്ടെന്ന് അവർ കരുതിയിരുന്നോണം. ആയുധങ്ങൾ ഉള്ളത് കൊണ്ട് നമ്മളത് ദുരുപയോഗം ചെയ്യാതെ, ആവശ്യം വരുമ്പോൾ അത് എടുക്കുമെന്ന ഭയം നിങ്ങൾക്കുള്ളത് നല്ലതാ. നിങ്ങൾ അതിരുവിട്ട് പോകുന്നുണ്ട്.

വിവരമില്ലാത്തവരെ ഖാദിയാക്കിയാൽ അവിടത്തെ ഖാദിയല്ലേ ആവുകയുള്ളൂ. എല്ലാവരെയും വിളിച്ചുകൂട്ടി ഖാസി ഫൗണ്ടേഷൻ, ഇതിന്‍റെ അർഥമെന്താണ്. ഇതൊന്നും നമുക്ക് അറിയില്ലെന്ന് വിചാരിച്ചോ?. ഖാസിമാരെ നമുക്കറിയാം, എന്നാൽ ഖാസി ഫൗണ്ടേഷൻ എന്ന് കേട്ടിട്ടുണ്ടോ?" -ഉമർ ഫൈസി മുക്കം ചൂണ്ടിക്കാട്ടി.

Tags:    
News Summary - pk kunhalikutty srongly criticized Umar Faizi Mukkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.