മൂന്നാറിൽ സ്വകാര്യ വ്യക്തികൾ വൻതോതിൽ ഭൂമി കൈവശപ്പെടുത്തി

ചെറുതോണി: മൂന്നാർ മേഖലയിൽ പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് 51 വ്യക്തികൾ വൻതോതിൽ ഭൂമി കൈയേറിയതായി അന്വേഷണ റിപ്പോർട്ട്. ഇതുസംബന്ധിച്ച് അന്വേഷിച്ച മൂന്നാർ റവന്യൂ ഡിവിഷനൽ ഓഫിസർ സുബിൻ സമത് കലക്ടർക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

മൂന്നാർ, ചിന്നക്കനാൽ, ദേവികുളം, പള്ളിവാസൽ എന്നീ നാലു പഞ്ചായത്തുകളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടാണ് കലക്ടർക്ക് നൽകിയത്. ഇവിടെ നടന്ന കൈയേറ്റങ്ങൾ അന്വേഷിക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് സർക്കാർ ഐ.ജി ശ്രീജിത്തിനെ അന്വേഷണ ചുമതല ഏൽപിച്ചു. ഇദ്ദേഹത്തിെൻറ അന്വേഷണ റിപ്പോർട്ടുകൂടി ഉൾപ്പെടുത്തിയാണ് ആർ.ഡി.ഒ കലക്ടർക്ക് റിപ്പോർട്ട് നൽകിയത്.

ചിന്നക്കനാൽ, പള്ളിവാസൽ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ കൈയേറ്റങ്ങൾ നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂന്നാർ പൊലീസ് സ്റ്റേഷനിൽ കൈയേറ്റവുമായി ബന്ധപ്പെട്ട് 60 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഏഴു കേസുകൾ കെ.ഡി.എച്ച്.പി കമ്പനിക്കെതിരെയാണ്. വൻകിട കമ്പനിയായ ഇവർക്കെതിരെ കൈയേറ്റവുമായി ബന്ധപ്പെട്ട് ദേവികുളം, ശാന്തമ്പാറ, മറയൂർ സ്റ്റേഷനുകളിലും കേസുണ്ട്. ഇരവികുളം ദേശീയോദ്യാനത്തിെൻറ കുറെ സ്ഥലങ്ങളും ഇവർ കൈവശപ്പെടുത്തിയതായി റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

അന്വേഷണ റിപ്പോർട്ട് കലക്ടർക്ക് കൈമാറിയെങ്കിലും തുടർനടപടി അത്ര എളുപ്പമല്ലെന്നാണ് സൂചന. കൈയേറ്റങ്ങൾക്ക് പുറകിൽ 90 ശതമാനവും ഉദ്യോഗസ്ഥരുടെ പിന്തുണയും രാഷ്ട്രീയ സ്വാധീനവുമുണ്ട്. ഇതുമൂലം കൈയേറ്റങ്ങൾ നിയന്ത്രിക്കാനോ രജിസ്റ്റർ ചെയ്ത കേസുകളിൽ തീർപ്പ് കൽപിക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തിലെ പല പ്രമുഖ വ്യക്തികളും ഇവിടെ പണവും സ്വാധീനവും ഉപയോഗിച്ച് ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് നിവേദിത പി. ഹരൻ നടത്തിയ അന്വേഷണ റിപ്പോർട്ടിലും സർക്കാറിനെ അറിയിച്ചിരുന്നു.

ഉന്നതർക്ക് പങ്കുള്ള ഈ കൈയേറ്റങ്ങളെ സംബന്ധിച്ച് തുടരന്വേഷണം നിലച്ചിട്ട് ഒന്നര വർഷമായി. കൈയേറ്റം നടത്തിയ കേസുകളിൽ എത്രയും പെട്ടെന്ന് തീർപ്പ് കൽപിക്കാൻ സ്ഥാപിച്ച മൂന്നാർ ട്രൈബ്യൂണൽ വെറും നോക്കുകുത്തിയായി മാറി. ആവശ്യത്തിലധികം വരുന്ന ജീവനക്കാർ കാഴ്ചക്കാരായിനിന്ന് ഇവിടെ ശമ്പളം പറ്റുന്ന കാഴ്ചയാണ്. പച്ചക്കറി കൃഷിയുടെ നാടായ വട്ടവടയിലും കോവിലൂരിലും കൊട്ടക്കാമ്പൂരിലുമെല്ലാം വ്യാജരേഖകൾ ചമച്ച് ഏക്കറുകണക്കിന് ഭൂമിയാണ് കൈവശപ്പെടുത്തിയത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.