കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്.
അതിതീവ്രമഴയുടെ സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി നൽകിയിരിക്കുകയാണ്. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, കോട്ടയം, തൃശൂർ ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കണ്ണൂരിൽ കോളജുകൾ ഒഴികെയാണ് അവധി.
ഇന്നലെ മഴക്കെടുതികളിൽ ഒമ്പത് പേരാണ് സംസ്ഥാനത്ത് മരിച്ചത്. തിരുവനന്തപുരം പേരൂർക്കട-നെടുമങ്ങാട് റോഡിൽ വഴയില ആറാംകല്ലിൽ ആൽമരം കാറിനു മുകളിൽ വീണു യാത്രക്കാരി മരിച്ചു. തൊളിക്കോട് പരപ്പാറ മങ്കാട് തടത്തരികത്തു മുകിൽ ഭവനിൽ ഒ. മോളിയാണ് (42) മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടം.
തിരുവല്ലയിലും വയനാട്ടിലും കാസർകോട്ടും വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. തിരുവല്ലയിൽ മേപ്രാതറയിൽ പുല്ല് ചെത്താൻപോയ ടി.സി റജി ആണ്(48) മരിച്ചത്. മേപ്രാൽ ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിനുസമീപം പൊട്ടിക്കിടന്ന കമ്പിയിൽനിന്നാണ് റെജിക്ക് വൈദ്യുതാഘാതമേറ്റത്. കഴിഞ്ഞദിവസത്തെ ശക്തമായ കാറ്റിൽ ആരാധനാലയത്തിന്റെ മേൽക്കൂരയുടെ ഒരുഭാഗത്തെ ഇളകിവീണ ഷീറ്റ് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് റെജിക്ക് വൈദ്യുതാഘാതമേറ്റത്. വയനാട് പുൽപ്പള്ളി ചീയമ്പത്ത് സുധൻ (32)പൊട്ടിവീണ വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചു. കാസര്‍കോട് വീടിനോടുചേർന്ന ഷെഡിൽ മഴവെള്ളം കയറി വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. നിലത്തെ വെള്ളത്തിലേക്ക് വീണ വയറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മധൂര്‍ മായിപ്പാടി കുതിരപ്പാടിയിലെ ഗോപാല ഗട്ടിയുടെ ഭാര്യ ഹേമാവതി(53)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടം.
കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് രണ്ടുപേർ മരിച്ചു. കോളേരി സ്വദേശി കുഞ്ഞാമിന (51), ചൊക്ലിയിലെ പെയിന്റിങ് തൊഴിലാളി ചന്ദ്രശേഖരൻ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി വെള്ളിയാറിൽ കാണാതായെന്ന് കരുതുന്ന പാലക്കാട് അലനല്ലൂർ സ്വദേശി യൂസഫിന്റെ മൃതദേഹം നാട്ടുകാർ കണ്ടെടുത്തു. പാലക്കാട് മുതുകുന്നിപ്പുഴയിൽ കാണാതായ പുത്തൻവീട്ടിൽ രാജേഷിനായുള്ള തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.