തിരുവനന്തപുരം: റെയിൽവേയുടെ പരിധിയിലുള്ള അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ ശുചീകരണത്തൊഴിലാളി മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതല്ലാതെ നഷ്ടപരിഹാര കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി റെയിൽവേ. ഇതു സംബന്ധിച്ച് വിശദീകരിക്കാൻ ഡിവിഷനൽ മാനേജർ ഡോ. മനീഷ് തപ്ല്യാൽ വിളിച്ച വാർത്തസമ്മേളനത്തിൽ നഷ്ടപരിഹാരത്തെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ വ്യക്തമായി മറുപടി നൽകിയില്ല. ‘നിയമവശങ്ങൾ ആലോചിച്ചശേഷം തീരുമാനിക്കും’ എന്നായിരുന്നു പ്രതികരണം. ജോയിയുടെ മൃതദേഹം റെയിൽവേ വളപ്പിൽനിന്ന് 750 മീറ്റർ അകലെയാണ് കണ്ടെത്തിയത്. തങ്ങളുടെ പ്രദേശത്ത് ഒഴുക്ക് തടസ്സപ്പെടുന്നില്ല എന്നതിന്റെ തെളിവാണ് എന്ന വാദവും ഡിവിഷനൽ മാനേജർ ഉന്നയിച്ചു.
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ അപകടമരണവുമായി ബന്ധപ്പെട്ട റെയിൽവേയുടെ പ്രതികരണം മനുഷ്യത്വ രഹിതമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണം. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചതായും മന്ത്രി അറിയിച്ചു. അപകടത്തിന്റെ പൂർണ ഉത്തരവാദി റെയിൽവേയാണെന്നും ജോയിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
മാലിന്യം നീക്കം ചെയ്യാൻ കരാർ കൊടുത്തത് റെയിൽവേയാണ്. അപകടം നടന്ന സ്ഥലം റെയിൽവേയുടെ അധീനതയിലുള്ളതാണ്. എന്നിട്ടും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർ തയാറാകുന്നില്ല. സംഭവത്തെക്കുറിച്ച് പൂർണമായി മനസ്സിലാക്കാതെയാണ് ഗവർണർ പ്രതികരിച്ചതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.