ദയാബായിയെ അപമാനിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകും

തൃശൂര്‍: പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിയെ അപമാനിച്ച് കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നിറക്കി വിട്ട കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ആന്‍റണി ചാക്കോ ‘മാധ്യമ’ത്തോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും   റിപ്പോര്‍ട്ട് തിങ്കളാഴ്ച തനിക്ക് ലഭിക്കുമെന്നും ആന്‍റണി ചാക്കോ പറഞ്ഞു.  റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സംഭവത്തിന് ഉത്തരവാദികളായ ജീവനക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച തൃശൂരില്‍ നിന്ന് ആലുവയിലേക്കുള്ള യാത്രയില്‍ ദയാബായിക്കുണ്ടായ തിക്താനുഭവം ‘മാധ്യമ’ത്തിലൂടെയാണ് ഞായറാഴ്ച ലോകമറിഞ്ഞത്.
ഉത്തരേന്ത്യയിലെ ആദിവാസികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച് രാജ്യത്തിന്‍െറ പ്രിയങ്കരിയായി മാറുകയും പിന്നീട് ദയാബായി എന്ന പേരിലൂടെ ലോകം അറിയുകയും ചെയ്ത കോട്ടയം പൂവരണി സ്വദേശിയായ മേഴ്സി മാത്യുവിന് സ്വന്തം നാട്ടില്‍ വെച്ചുണ്ടായ ദുരനുഭവം കേരളത്തെ ഞെട്ടിച്ചു.  തുടര്‍ന്നാണ് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
വടക്കാഞ്ചേരി ഡിപ്പോയിലെ ജീവനക്കാരാണ് ദയാബായിയോട് മോശമായി പെരുമാറിയത്. ആലുവ ഗാരേജ് സ്റ്റോപ്പില്‍ ഇറങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ ഡ്രൈവറും കണ്ടക്ടറും മോശമായി പ്രതികരിക്കുകയും രാത്രി ഏഴോടെ ആലുവ ജങ്ഷന് അപ്പുറത്തെ വഴിയില്‍  ഇറക്കിവിടുകയുമായിരുന്നു. പ്രായമായതൊന്നും നോക്കില്ല തല്ല്വെച്ച് തരുമെന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞത്. വഴിയറിയാതെ നിന്ന ദയാബായിയെ ആലുവയില്‍ അവര്‍ പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടകരാണ് കൂട്ടിക്കൊണ്ടുപോയത്.
 സംഭവം സാമൂഹിക-ദേശീയ മാധ്യമങ്ങളില്‍ വന്‍ചര്‍ച്ചയായി. ഞായറാഴ്ച തൃശൂരില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനത്തെിയ ദയാബായി ദു$ഖത്തോടെയാണ് മാധ്യമപ്രവര്‍ത്തകരോട് സംഭവം വിവരിച്ചത്. തന്നെ നാലാംതരം വ്യക്തിയായി കാണുന്നതിന്‍െറ ഭാഗമാണ് സംഭവം എന്ന്  അവര്‍ പറഞ്ഞു.
ആരെയും ശിക്ഷിക്കണമെന്ന് ആഗ്രഹമില്ളെന്നും ഇത്തരം അനുഭവം ആര്‍ക്കും ഉണ്ടാവരുതെന്നും അവര്‍ പറഞ്ഞു.
 തൃശൂരിലെ പരിപാടിക്ക് ശേഷം ദയാബായി തമിഴ്നാട്ടിലേക്ക് പോയി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.