തിരുവനന്തപുരം മെഡിക്കല്‍ കോളജ് സെന്റര്‍ ഓഫ് എക്‌സലന്‍സ്: ഔദ്യോഗിക അറിയിപ്പ് ലഭിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ ട്രോമ കെയറിന്റേയും ബേണ്‍സ് ചികിത്സയുടേയും സെന്റര്‍ ഓഫ് എക്‌സലന്‍സായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. പരിക്കുകളുടേയും പൊള്ളലിന്റേയും പ്രതിരോധത്തിനും മാനേജ്‌മെന്റിനുമുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് രാജ്യത്തെ എട്ട് പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളെ സെന്റര്‍ ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തത്.

ട്രോമ, ബേണ്‍സ് പരിചരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ച സെന്റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയില്‍ തന്നെ ഇടം പിടിക്കാന്‍ കേരളത്തിനായി. ഡല്‍ഹി എയിംസ്, ഡല്‍ഹി സഫ്ദര്‍ജംഗ്, പുതുച്ചേരി ജിപ്മര്‍, പി.ജി.ഐ ചണ്ടിഗഢ് തുടങ്ങിയ രാജ്യത്തെ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉള്‍പ്പെട്ടത്.

സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രകാരം ഓരോ വര്‍ഷവും രണ്ടു കോടി രൂപ വീതം മെഡിക്കല്‍ കോളജിന് ലഭിക്കും. 2024-25 വര്‍ഷത്തില്‍ രണ്ട് കോടിയും 2025-26 വര്‍ഷത്തില്‍ രണ്ട് കോടിയും ഉള്‍പ്പെടെ നാല് കോടി രൂപ ലഭിക്കും. സംസ്ഥാനത്തെ ട്രോമ, ബേണ്‍സ് ചികിത്സാ സംവിധാനങ്ങള്‍ വിപുലപ്പെടുത്താന്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിലൂടെ സാധിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

എമര്‍ജന്‍സി കെയറിന്റേയും ബേണ്‍സ് കെയറിന്റേയും സ്റ്റേറ്റ് അപെക്‌സ് സെന്ററായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കും. പരിശീലനം, സ്‌കില്‍ ഡെവലപ്‌മെന്റ്, ഗവേഷണം, നൂതനാശയങ്ങള്‍, സാങ്കേതികവിദ്യ, നവീന രീതികള്‍ പിന്തുടരല്‍, അവബോധം, ഉപകരണങ്ങള്‍ എന്നിവയ്ക്കായിരിക്കും സെന്റര്‍ ഓഫ് എക്‌സലന്‍സ് തുക വിനിയോഗിക്കുക. സംസ്ഥാനത്ത് സമഗ്ര എമര്‍ജന്‍സി ആൻഡ് ട്രോമകെയര്‍ സംവിധാനത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പായിരിക്കുമിതെന്നും മന്ത്രി വ്യക്തമാക്കി.

ഈ സര്‍ക്കാരിന്റെ തുടക്കകാലത്ത് 2021ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മുന്നറിയിപ്പില്ലാതെ മന്ത്രി വീണ ജോര്‍ജ് നടത്തിയ സന്ദര്‍ശനമാണ് പുതിയ എമര്‍ജന്‍സി മെഡിസിന്‍ ആൻഡ് ട്രോമകെയര്‍ സംവിധാനം യാഥാർഥ്യമാക്കിയത്. ശാസ്ത്രീയമായ ട്രയാജ് സംവിധാനം, ചെസ്റ്റ് പെയിന്‍ ക്ലിനിക്, സ്‌ട്രോക്ക് ഹോട്ട്‌ലൈന്‍, അത്യാധുനിക പരിശോധനാ സംവിധാനങ്ങള്‍, രോഗീ സൗഹൃദ അന്തരീക്ഷം എന്നിവ സജ്ജമാക്കി. എയിംസ്, ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ അത്യാഹിത വിഭാഗം സന്ദര്‍ശിച്ച് അഭിനന്ദിച്ചു. 100 ഐ.സി.യു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക്, സ്‌പെക്റ്റ് സ്‌കാന്‍ എന്നിവ സ്ഥാപിച്ചു.

പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ കീഴില്‍ ബേണ്‍സ് യൂണിറ്റ് ആരംഭിച്ചു. ബേണ്‍സ് ഐസിയുവില്‍ സജ്ജമാക്കിയ തീവ്രപരിചരണ സംവിധാനത്തിലൂടെ അണുബാധയേല്‍ക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗികള്‍ക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും സഹായിക്കുന്നു. ഇതുകൂടാതെ കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് ഉടന്‍തന്നെ ആരംഭിക്കുന്നതാണ്.

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് ആവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിന്‍ ബാങ്കിലൂടെ ചെയ്യുന്നത്. സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളജില്‍ നടന്നു വരുന്നത്. മന്ത്രി വീണ ജോര്‍ജ് നിരന്തരം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ കാലയളവില്‍ ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെട്ടു.

മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളജില്‍ നടന്നു വരുന്നത്. രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയിലെ ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട 14.3 കോടിയുടെ സമഗ്ര സ്ട്രോക്ക് സെന്റര്‍ സജ്ജമാക്കി. മെഡിക്കല്‍ കോളജില്‍ റോബോട്ടിക് സര്‍ജറി ആരംഭിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ട്.

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു. രാജ്യത്ത് മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ക്രിറ്റിക്കല്‍ കെയര്‍, ജനറ്റിക്‌സ്, ജെറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങള്‍ ആരംഭിച്ചു.

Tags:    
News Summary - Thiruvananthapuram Medical College Center of Excellence: Official notification received

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.