കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം കോക്കല്ലൂർ മുഹമ്മദ് ആട്ടൂരിനെ (മാമി -56) നഗരത്തിൽനിന്ന് കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ അപ്രത്യക്ഷരായ മാമിയുടെ ഡ്രൈവർ രജിത്കുമാറിനെയും ഭാര്യ തുഷാരയെയും ഗുരുവായൂരിൽ കണ്ടെത്തി.
ദീർഘകാലം മാമിയുടെ ഡ്രൈവറായിരുന്ന രജിത്കുമാറിനെയും ഭാര്യ സുഷാരയെയും വ്യാഴാഴ്ചയാണ് കാണാതായത്. വ്യാഴാഴ്ച രാത്രി തുഷാരയുടെ സഹോദരൻ സുമൽജിത് നടക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപത്തെ ലോഡ്ജിൽ താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച ലോഡ്ജിൽ നിന്നും പോയെന്നും പിന്നീട് വിവരമില്ലെന്നുമയിരുന്നു പരാതി.
ഇരുവരും ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറുന്ന സി.സി.ടി.വി ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഗുരുവായൂരിലെ ലോഡ്ജിൽനിന്ന് ഇവരെ കണ്ടെത്തുന്നത്. മനസ്സമാധാനമില്ലാത്തതിനാൽ നാടുവിട്ടതാണെന്ന് രജിത്കുമാർ പൊലീസിനോട് പറഞ്ഞു. നടക്കാവ് പൊലീസിന്‍റെ അനാസ്ഥയാണ് മാമി കേസിന് തുമ്പില്ലാതാക്കിയതെന്നും അന്വേഷണം ശക്തമായി മുന്നോട്ട് പോകണമെന്നും രജിത്കുമാർ ഗുരുവായൂരിൽനിന്ന് മാമി ആക്ഷൻ കമ്മിറ്റി ഗ്രൂപിൽ ശബ്ദ സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്.
പൊലീസ് ഉടനെ ഇവരെ കോഴിക്കോട്ട് എത്തിച്ച് ചോദ്യം ചെയ്യും. ഒരുവർഷം മുമ്പ് കാണാതായ മാമിയെക്കുറിച്ച് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ തുമ്പൊന്നും ലഭിച്ചിരുന്നില്ല. അന്വേഷണത്തിന്‍റെ ഭാഗമായി രജിത്കുമാറിനെ നേരത്തെ ലോക്കൽ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും രജിത്കുമാർ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തു. എ.ഡി.ജി.പി അജിത്കുമാറിന് മാമി വധക്കേസിൽ പങ്കുണ്ടെന്ന ആരോപണവുമായി പി.വി. അൻവർ എം.എൽ.എ രംഗത്തുവരികയും വിഷയം വിവാദമാവുകയും ചെയ്തതിനെ തുടർന്നാണ് അന്വേഷണത്തിനായ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവായത്. ആദ്യം ലോക്കൽ പൊലീസിന്‍റെ അന്വേഷണത്തിൽ ചില സൂചനകൾ ലഭിച്ചിരുന്നെങ്കിലും അന്വേഷണം മുന്നേട്ടുപോയില്ല.
2023 ആഗസ്റ്റ് 21നാണ് നഗരത്തിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിനെ കാണാതായത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി. 22ന് തലക്കുളത്തൂരിൽ ഫോൺ ഓണായി ഭാര്യയെയും സുഹൃത്തിനെയും വിളിച്ചുവെങ്കിലും പിന്നീട് വീണ്ടും ഓഫായി. മാമിയെ കാണാനില്ലെന്ന് അന്നാണ് ബന്ധുക്കൾ നടക്കാവ് പൊലീസിൽ പരാതി കൊടുത്തത്. സിറ്റി പൊലീസ് കമീഷണർ ആയിരുന്ന രാജ്പാൽ മീണയുടെ നേതൃത്വത്തിൽ രണ്ടുമാസം പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. കഴിഞ്ഞ ജൂലൈ 10ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയിട്ടും തുമ്പുണ്ടാക്കാനായില്ല. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. നേരത്തേ സി.ബി.ഐക്ക് കേസ് കൈമാറണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഇതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് കോഴിക്കോട് റെയ്ഞ്ച് ഐ.ജി പി. പ്രകാശിന്റെ മേല്നോട്ടത്തില് ഡിവൈ.എസ്.പി യു. പ്രേമനാണ് അന്വേഷണച്ചുമതല.
കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയെ കാണാതായിട്ട് ഒരുവർഷം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാൻ പൊലീസിന് കഴിയാത്തത് കേസിൽ ഉന്നതർക്ക് പങ്കുള്ളതുകൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.