പലിശബാധ്യതയേറുന്നു; സാമ്പത്തിക പ്രതിസന്ധിയും

തിരുവനന്തപുരം: വാങ്ങിക്കൂട്ടിയ കടത്തിന്‍െറ തിരിച്ചടവ് സംസ്ഥാനത്തെ കടക്കെണിയില്‍ ആഴ്ത്തുന്നു. മുതലും പലിശയുമടക്കം വന്‍ തുകയാണ് സംസ്ഥാനം ഓരോവര്‍ഷവും തിരിച്ചടക്കുന്നത്. വായ്പ കൂടുന്നതിനനുസരിച്ച് ഇത് ഓരോവര്‍ഷവും കൂടുകയാണ്. ദൈനംദിന ചെലവിന് എടുക്കുന്ന കടത്തിനു പുറമേ വിദേശ ധനകാര്യ ഏജന്‍സികളുടെ കടത്തിനു പലിശ കൊടുക്കാനും മുതല്‍ തിരിച്ചടക്കാനും വീണ്ടും കടമെടുത്ത് കേരളം മുടിയുകയാണ്.
ചെലവിനനുസരിച്ച് വരുമാനം വര്‍ധിക്കാത്തതാണ് പ്രധാനമായും സംസ്ഥാനത്തെ വലക്കുന്നത്. ഇത് പരിഹരിക്കാന്‍ കടമെടുക്കും. സ്റ്റാമ്പ് ഡ്യൂട്ടിയിലെ കുറവ്, പെട്രോള്‍, ഡീസല്‍ വിലയിലെ കുറവ്, വിവിധയിനത്തില്‍ നല്‍കിയ നികുതിയിളവുകള്‍ തുടങ്ങിയവ വരുമാനം വന്‍തോതില്‍ കുറക്കുകയായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ച് 31 വരെ മാത്രം 56,767 കോടിയാണ് പൊതുവിപണിയില്‍നിന്ന് കടമെടുത്തത്. പൊതുവിപണിയില്‍നിന്ന് കടമെടുക്കുന്നതിനു പുറമേ ലോകബാങ്ക്, എ.ഡി.ബി, ജപ്പാന്‍ ബാങ്ക് അടക്കം വിദേശ ധനകാര്യ ഏജന്‍സികളില്‍നിന്ന് എടുത്ത വായ്പയും പലിശസഹിതം തിരിച്ചടക്കേണ്ടതുണ്ട്. പ്രോവിഡന്‍റ് ഫണ്ട്, ചെറുകിട സമ്പാദ്യം എന്നിവയിലെയും തുക സര്‍ക്കാര്‍ എടുക്കുന്നു. ജീവനക്കാരുടെ പി.എഫ്, ചെറുകിട സമ്പാദ്യം ഇനത്തില്‍ 2015 മാര്‍ച്ച് 31വരെയുള്ള കണക്കുപ്രകാരം 39,307.27 കോടി കൊടുത്തുതീര്‍ക്കാനുണ്ട്.
യു.ഡി.എഫ് സര്‍ക്കാറിന് ഇക്കൊല്ലം 15,605 കോടികൂടി പൊതുവിപണിയില്‍നിന്ന് കടമെടുക്കാനാണ് അനുമതി. ഇതില്‍ 11,450 കോടി കടമെടുത്തു. 1882 കോടി മാത്രമാണ് ചട്ടപ്രകാരം ഇനി കടമെടുക്കാനാവുക. ഇതോടെ, ഈ സര്‍ക്കാറിന്‍െറ കാലത്തെ കടം 72,372 കോടിയാകും. തിരിച്ചടവും ഇതിനനുസരിച്ച് ഉയരും.
കഴിഞ്ഞവര്‍ഷം (2014-15)  മാത്രം മുതലും പലിശയും തിരിച്ചടക്കാന്‍ വേണ്ടിവന്നത് 46,955.23 കോടിയാണെന്നും ഇതില്‍ 37,185.64 കോടി മുതല്‍ തിരിച്ചടവും 9769.59 കോടി പലിശ തിരിച്ചടവുമാണെന്നും ധനവകുപ്പിന്‍െറ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ  അറിയിച്ചിരുന്നു. 2006-07ല്‍ മുതലിന്‍െറയും പലിശയുടെയും തിരിച്ചടവിനുവേണ്ടി വന്ന തുക 19,922.95 കോടിയായിരുന്നു. ഇതാണ് സംസ്ഥാനത്തിന്‍െറ വരുമാനത്തെ വിഴുങ്ങുംവിധം വളരുന്നത്. 2010-11ല്‍ പലിശ നല്‍കാന്‍ മാത്രം വേണ്ടിവന്നത് 5690 കോടിയായിരുന്നുവെങ്കില്‍ അത് 2014-15 ആയപ്പോള്‍ 9536 കോടിയായി. ഇക്കൊല്ലം പലിശ നല്‍കാന്‍മാത്രം 10,952 കോടിയാണ് വേണ്ടിവരുക. അടുത്ത സാമ്പത്തികവര്‍ഷം പലിശത്തുക 11,790 കോടിയായും 2017-18ല്‍ 13,417 കോടിയായും ഉയരുമെന്നാണ് ധവകുപ്പ് കണക്കാക്കുന്നത്. ഇതിനു പുറമേയാണ് മുതല്‍ കൂടി തിരിച്ചടക്കേണ്ടിവരുക.  2006-15ല്‍ 46,955.23 കാലയളവില്‍ കൊടുത്ത പലിശത്തുക വര്‍ഷം 4189.70 കോടി മുതല്‍ 9769.59 കോടിവരെയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ച് 31വരെ മാത്രം 56,767 കോടിയാണ് പൊതുവിപണിയില്‍നിന്ന് കടമെടുത്തത്. ഈ പണത്തിനുമാത്രം അടുത്ത അഞ്ചുവര്‍ഷം കൊടുക്കേണ്ട മുതലും പലിശയും വര്‍ഷം ഏകദേശം 13,000 കോടിയോളം വീതം വരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.