കൊച്ചി: 30ന് കേരളത്തിലെത്തുന്ന കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി കോട്ടയത്ത് യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ശിവഗിരി തീർഥാടന സമ്മേളനത്തിന്‍റെ ഉദ്ഘാടനചടങ്ങിൽ സംബന്ധിക്കാനാണ് സോണിയ വരുന്നത്. കോട്ടയത്ത് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ രജതജൂബിലി ചടങ്ങിലും അവർ പങ്കെടുക്കും. കെ.പി.സി.സി ഭാരവാഹികളുമായി കൂടിക്കാഴ്ചക്ക് ശ്രമം നടത്തുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. എന്നാൽ യു.ഡി.എഫ് നേതാക്കളെ കാണുന്നുണ്ട്. കെ.എം മാണിക്ക് രാജിവെക്കാനുണ്ടായ സാഹചര്യമടക്കം കേരള കോൺഗ്രസ് യു.ഡി.എഫിൽ നേരിട്ട പ്രതിസന്ധി സോണിയയെ ധരിപ്പിക്കാനിടയുണ്ട്. മുന്നണിയുടെ പ്രവർത്തനത്തിൽ ഘടകകക്ഷികൾ പൊതുവിൽ അസംതൃപ്തരാണ്.
അമേരിക്കൻ സന്ദർശനം കഴിഞ്ഞ് ഡൽഹിയിലെത്തുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ബുധനാഴ്ച സോണിയാ ഗാന്ധിയോടൊപ്പം കേരളത്തിലേക്ക് വരുമെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ചെന്നിത്തല അയച്ചതായി പറയുന്ന കത്തിനെച്ചൊല്ലിയുള്ള വിവാദം കെട്ടടങ്ങാത്ത സാഹചര്യത്തിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി.എം.സുധീരൻ എന്നിവരുമായി സോണിയ പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.