തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇരുമുന്നണികളും ബി.ജെ.പിയും ഒരുപോലെ ആത്മവിശ്വാസത്തില്‍. കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കുമെന്ന വിശ്വാസമാണ് യു.ഡി.എഫിനെങ്കില്‍ നല്ല നേട്ടമാണ് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നത്. പുതിയ ചരിത്രം സൃഷ്ടിക്കുന്ന ഫലമാവും ഉണ്ടാവുകയെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. വിശ്വാസക്കൂടുതലില്‍ മുന്നണി നേതാക്കള്‍ പരസ്പരം പരിഹസിക്കുന്ന പരാമര്‍ശങ്ങളും നടത്തി.
കണ്ണൂര്‍ ജില്ലയിലെ ചില കേന്ദ്രങ്ങളില്‍ ഒഴികെ എല്ലായിടത്തും നേട്ടമുണ്ടാക്കുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്‍െറ അവകാശവാദം. ഇടുക്കി, കാസര്‍കോട്, വയനാട് ജില്ലകളില്‍ മികച്ച വിജയം പ്രതീക്ഷിക്കുന്നു. മറ്റിടങ്ങളില്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കുമെന്ന് മാത്രമല്ല ചിലയിടങ്ങളില്‍ അതിനെക്കാള്‍ നേട്ടം ഉണ്ടാക്കുമെന്നും ഉറപ്പിക്കുന്നു.
വിജയശതമാനത്തിലെ വര്‍ധന തങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുകൂലമാണെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. മഴമൂലം പോളിങ് ശതമാനം കുറഞ്ഞിരുന്നെങ്കില്‍ സ്വാഭാവികമായും അത് യു.ഡി.എഫിനെ ബാധിക്കുമായിരുന്നു. എന്നാല്‍, അങ്ങനെ സംഭവിച്ചിട്ടില്ളെന്ന് ഉയര്‍ന്ന പോളിങ് വ്യക്തമാക്കുന്നു. ഇത് തങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രചാരണത്തില്‍ പ്രതീക്ഷിച്ചപോലെ മുന്നോട്ടുപോകാന്‍ മുന്നണിക്ക് സാധിച്ചിരുന്നു. അത് വോട്ടെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ടെന്ന് ഉയര്‍ന്ന പോളിങ് ശതമാനം വ്യക്തമാക്കുന്നുവെന്നും അവര്‍ പറയുന്നു.
55 ശതമാനം തദ്ദേശസ്ഥാപനങ്ങളില്‍ വിജയിക്കാനാവുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. പ്രചാരണത്തിന്‍െറ അവസാനദിനത്തില്‍ അഴിമതിക്കേസില്‍ കെ.എം. മാണിക്കെതിരായ കോടതി ഉത്തരവും എസ്.എന്‍.ഡി.പി -ബി.ജെ.പി കൂട്ടുകെട്ടിനെതിരെ തുടക്കം മുതല്‍ ഉയര്‍ത്തിയ പ്രതിരോധവും കൈമുതലാവുമെന്ന ഉറച്ച കണക്കുകൂട്ടലിലാണ് പ്രതിപക്ഷം. വി.എസ്. അച്യുതാനന്ദന്‍െറയും പിണറായി വിജയന്‍െറയും നേതൃത്വത്തില്‍ ബി.ജെ.പിക്കും യു.ഡി.എഫിനും എതിരെ നടത്തിയ ‘ഹൈ വോള്‍ട്ടേജ്’ കടന്നാക്രമണം പരമ്പരാഗത വോട്ടിങ് രീതികളില്‍ മാറ്റം സൃഷ്ടിക്കുമെന്നാണ് സി.പി.എമ്മിന്‍െറ വിശ്വാസം.
അതേസമയം പ്രചാരണത്തിന്‍െറ ആദ്യ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ തലക്കെട്ട് സൃഷ്ടിച്ച് നേടിയ മുന്‍കൈയില്‍നിന്ന് പിന്നാക്കം പോയെങ്കിലും സാമുദായിക സഖ്യ നീക്കവും കേന്ദ്ര സര്‍ക്കാറിന്‍െറ നേട്ടവും എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികളോടുള്ള നിസ്സംഗതയും തുണയ്ക്കുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.