അധികാരം ആസ്വദിച്ച ശേഷം ഭദ്ര ആരോപണം ഉന്നയിക്കുന്നുവെന്ന് എൻ.വേണുഗോപാൽ

കൊച്ചി: കോൺഗ്രസ് ഗ്രൂപിസത്തിന് എതിരെ ആരോപണം ഉന്നയിച്ച മുന്‍ ഡെപ്യൂട്ടി മേയര്‍ ഭദ്രയ്‌ക്കെതിരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.വേണുഗോപാല്‍ രംഗത്തെത്തി. അധികാരത്തിലിരിക്കുമ്പോൾ അത് ആസ്വദിച്ച ശേഷം ഇപ്പോള്‍ കുറ്റം പറയുകയാണ് ഭദ്രയെന്നും വ്യക്തിത്വമുണ്ടായിരുന്നെങ്കില്‍ അവര്‍ രാജിവെച്ച് പുറത്ത് പോകണമായിരുന്നു എന്നും വേണുഗോപാൽ പറഞ്ഞു. സ്വന്തം പരാജയം മൂടിവെക്കാനാണ് ഭദ്ര യു.ഡി.എഫിനെ കുറ്റം പറയുന്നതെന്നും അധികാര സ്ഥാനങ്ങളിലേക്ക് പുതിയ താവളങ്ങളന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ മത്സരിക്കാന്‍ ഭദ്ര സീറ്റ് ആവശ്യപ്പെട്ടിരുന്നില്ല. ക്ഷണിച്ച് കൊണ്ട് വന്ന് നിര്‍ത്തി വിജയിപ്പിക്കേണ്ട പ്രാധാന്യം ഭദ്രക്കില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് യു.ഡി.എഫിനെതിരെ ശക്തമായ ആരോപണങ്ങളുമായി ഭദ്ര രംഗത്തെത്തിയത്. പ്രതിപക്ഷത്തുനിന്ന് ഉള്ളതിനേക്കാള്‍ എതിര്‍പ്പ് ഭരണപക്ഷത്ത് നിന്ന് തന്നെയാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതെന്നായിരുന്നു അവരുടെ ആരോപണം. ഗ്രൂപ് തര്‍ക്കം മൂലം ബജറ്റ്് അവതരിപ്പിക്കാന്‍ പോലും പറ്റാത്ത സാഹചര്യമായിരുന്നുവെന്നും ഒടുവില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ഇടപെട്ടിട്ടാണ് ബജറ്റ് അവതരിപ്പിക്കാന്‍ സാധിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് കോര്‍പറേഷന്‍റെ ധനസ്ഥിതിയെക്കുറിച്ച് തൻെറ പക്ഷത്തുള്ളവര്‍ തന്നെ ഉന്നയിച്ചതെന്നും ഭദ്ര കുറ്റപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ കോൺഗ്രസിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ കൊച്ചിയിലെ വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്കയിലാണ് നേതൃത്വം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.