കൊച്ചി: മഴ കാരണം എറണാകുളത്ത് ഉച്ചവരെ പോളിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ആദ്യ നാല് മണിക്കൂർ പിന്നിട്ടപ്പോൾ പഞ്ചായത്ത് പ്രദേശങ്ങളിൽ 28 ശതമാനവും നഗരസഭകളിൽ 24 ശതമാനവും കൊച്ചി കോർപറേഷനിൽ 14 ശതമാനവും പേരാണ് വോട്ട് ചെയ്തത്. കനത്ത മഴ കാരണം എറണാകുളം നഗരസഭയിലെ രണ്ട് പോളിങ് സ്റ്റേഷനുകൾ മാറ്റി സ്ഥാപിക്കേണ്ടിവന്നു. എറണാകുളം കോർപറേഷൻ കഠാരിബാഗ് 30ാം ഡിവിഷനിൽ ഒന്നാം നമ്പർ ബൂത്തിൽ വെള്ളം കയറിയതിനാൽ പോളിങ് രണ്ട് മണിക്കൂർ തടസപ്പെട്ടു. പിന്നീട് ഇവിടെ പോളിങ് ബൂത്ത് ഒന്നാം നിലയിലേക്ക് മാറ്റി.
എറണാകുളം 62ാം ഡിവിഷൻ കരിത്തല സെൻറ് ജോസഫ് യു.പി സ്കൂളിൽ വെള്ളം കയറിയതിനാൽ വോട്ടിംഗ് തടസപ്പെട്ടു. ഇവിടെ പോളിംഗ് ബൂത്ത് അടുത്ത ക്ലാസ് മുറിയിലേക്ക് മാറ്റി.
കാലടിക്കടുത്ത് കാഞ്ഞൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ഒന്ന്, രണ്ട് ബൂത്തുകളിൽ വോട്ടിങ് യന്ത്രങ്ങൾ ക്രമംതെറ്റിച്ച് വെച്ചു. ഗ്രാമ, ബ്ലോക്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിൽവെക്കണമെന്നായിരുന്നു തെര. കമ്മീഷൻ നിർദ്ദേശം. ഇവിടെ ജില്ലാ, ബ്ലോക്, ഗ്രാമ പഞ്ചായത്ത് ക്രമത്തിലാണ് വെച്ചത്. സ്ഥാനാർഥികളും പോളിംഗ് ഏജൻറുമാരും പരാതിപ്പെട്ടതോടെ 11 മണിയോടെ ഗ്രാമ, ബ്ലോക്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലേക്ക് മാറ്റി.
യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ രാവിലെതന്നെ പെരുമ്പാവൂരിൽ വോട്ട് രേഖപ്പെടുത്തി. മുൻ കേന്ദ്രമന്ത്രി കെ.വി തോമസ് പള്ളുരുത്തി സാൻ്റാ മരിയ സ്കൂളിലും മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ആലഞ്ചേരി എറണാകുളം സെൻറ് മേരീസ് സ്കൂളിലും വോട്ടുരേഖപ്പെടുത്തി. അങ്കമാലിക്കടുത്ത പാറക്കടവ് പഞ്ചായത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചു. ജില്ലയിൽ എട്ടോളം സ്ഥലങ്ങളിൽ വോട്ടിങ് യന്ത്രം പണിമുടക്കിയതിനാൽ പോളിംഗ് അൽപനേരം വൈകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.