ഷാറൂഖ് ഖാന്‍ വിവാദം: സംഘ്പരിവാറിനെതിരെ പിണറായി

തിരുവനന്തപുരം: ചലച്ചിത്രതാരം ഷാറൂഖ് ഖാനോട് പാകിസ്താനിലേക്ക് പൊയ്ക്കൊള്ളാന്‍ ഉത്തരവിടുന്ന സംഘ്പരിവാര്‍ ശക്തികള്‍ ഓരോ ഇന്ത്യക്കാരന്‍െറയും ദേശാഭിമാനത്തിന് നേരെയാണ് കടന്നാക്രമണം നടത്തുന്നതെന്ന് സി.പി.എം പി.ബിയംഗം പിണറായി വിജയന്‍.
സ്വാതന്ത്ര്യ സമരസേനാനി മീര്‍ താജ് മുഹമ്മദ്ഖാന്‍െറ മകനാണ് ഷാറൂഖ്. ഐ.എന്‍.എ മേജര്‍ ജനറലായിരുന്ന ഷാനവാസ് ഖാന്‍െറ ദത്തുപുത്രിയാണ് അദ്ദേഹത്തിന്‍െറ മാതാവ്. ദേശീയപ്രസ്ഥാനത്തോട് പുറംതിരിഞ്ഞുനിന്ന ആര്‍.എസ്.എസിന് ഈ കുടുംബത്തിന്‍െറ പാരമ്പര്യം അറിയാത്തതില്‍ അദ്ഭുതമില്ല. ഏതെങ്കിലും ഇന്ത്യാ വിരുദ്ധ പ്രസ്താവനയോ വര്‍ഗീയ ഇടപെടലോ നടത്തിയിട്ടല്ല ഷാറൂഖ് ഖാനെതിരെ സംഘ്പരിവാറിന്‍െറ അനേകം നാവുകള്‍ ഒന്നിച്ച് നീളുന്നത്.
രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്നും മതസഹിഷ്ണുത പുലര്‍ത്താത്തതും മതേതരത്വം കാത്തുസൂക്ഷിക്കാത്തതും രാജ്യത്തോടുള്ള ദ്രോഹമാണെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചത്. അസഹിഷ്ണുത എല്ലാ അതിരുകളും ഭേദിച്ച് മുന്നേറുകയാണെന്ന രാഷ്ട്രപതിയുടെ വാക്കുകളാണ് ഷാറൂഖ് ആവര്‍ത്തിച്ചത്.
ഷാറൂഖിന് രാജ്യദ്രോഹപട്ടം ചാര്‍ത്തിക്കൊടുക്കുന്നവര്‍ നാളെ രാഷ്ട്രപതിയോട് ഇതേ സമീപനം സ്വീകരിക്കും. രാഷ്ട്രപിതാവിന്‍െറ ഘാതകന് ക്ഷേത്രം പണിയുന്ന സംഘ്പരിവാറിന്‍െറ അസഹിഷ്ണുതയുടെ ഈ തിളച്ചുമറിയല്‍ വലിയ വിപത്തിന്‍െറ സൂചനയാണെന്ന് തിരിച്ചറിഞ്ഞ് പ്രതികരണം ഉയരണമെന്നും പിണറായി ഫേസ്ബുക് പേജില്‍ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.