ലോറി ഡ്രൈവറുടെ സഹായിയായി അഭിനയിച്ച് വാടകപ്പണവുമായി യുവാവ് മുങ്ങി

പന്തീരാങ്കാവ്: ചരക്കിറക്കാൻ വന്ന ഡ്രൈവറുടെ സഹായിയായി അഭിനയിച്ച് ലോറിയുടെ വാടകക്കാശുമായി യുവാവ് മുങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ പെരുമണ്ണ ഹിബ സൂപ്പർ മാർക്കറ്റിലേക്ക് പഞ്ചസാരയുമായി വന്ന ലോറി ഡ്രൈവറാണ് കബളിപ്പിക്കപ്പെട്ടത്. ലോറി എത്തിയ ഉടനെ ഡ്രൈവറുടെ സഹായിയായി കടയിലെത്തിയ യുവാവ് ചരക്കിറക്കിയശേഷം തന്ത്രപൂർവം ഡ്രൈവറിൽനിന്ന് വാടകക്കത്ത് കൈക്കലാക്കുകയായിരുന്നു. ഡ്രൈവറെ ചായകുടിക്കാൻ വിട്ടാണ് കത്തുമായി ഇയാൾ കടയിലെത്തിയത്. ഡ്രൈവറോടൊപ്പമുള്ളയാളാണെന്ന് കടക്കാരും കടയിലെ ജീവനക്കാരനാണെന്ന് ഡ്രൈവറും തെറ്റിദ്ധരിച്ചതാണ് തട്ടിപ്പിനിടയാക്കിയത്. വാടകക്കാശിന് ഡ്രൈവർ കടയിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 40നു താഴെ പ്രായമുള്ള പാൻറും ഷർട്ടും ധരിച്ച യുവാവ് രണ്ടു മണിക്കൂറോളം കടയിലും പരിസരത്തുമുണ്ടായിരുന്നു.


വാടകക്കത്തുമായി പണം വാങ്ങാൻ കടയിലെത്തിയപ്പോഴാണ് ഇവിടെ സ്ഥാപിച്ച സി.സി.ടി.വി ഇയാളുടെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് തൂവാലകൊണ്ട് മുഖം മറച്ചാണ് ഇയാൾ കടയിൽ ഇടപഴകുന്നത്. സി.സി.ടി.വി ദൃശ്യങ്ങളടക്കം നല്ലളം പൊലീസിൽ ലോറി ഡ്രൈവർ കൊടുവള്ളി സ്വദേശി കൃഷ്ണൻകുട്ടി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. സമാനമായി മുമ്പും നഗരത്തിലടക്കം നടന്ന ഇത്തരം സംഭവങ്ങളിൽ പല കടയുടമകൾക്കും ലോറി ഡ്രൈവർമാർക്കും പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഈ കേസുകളിലെ പ്രതി തന്നെയാണോ പെരുമണ്ണയിലും തട്ടിപ്പ് നടത്തിയതെന്ന് സംശയമുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.