ചന്ദ്രബോസ് വധം: ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഡോക്ടറുടെ മൊഴി

തൃശൂര്‍: ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഏഴ് വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നുവെന്നും ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് ചന്ദ്രബോസിന്‍െറ മരണകാരണമെന്നും അമല ആശുപത്രിയിലെ സര്‍ജറി വിഭാഗം അസി. പ്രഫ. ഡോ. സുനന്ദകുമാരി ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. ഡോക്ടര്‍മാരുടെ ചികിത്സാപിഴവാണ് ചന്ദ്രബോസിന്‍െറ മരണത്തിലേക്ക് നയിച്ചതെന്ന പ്രതിഭാഗത്തിന്‍െറ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു ഡോ. സുനന്ദയുടെ മറുപടി.

ഒരു രോഗിയെ രക്ഷിക്കാന്‍ ചെയ്യാവുന്നതിന്‍െറ പരമാവധി തങ്ങള്‍ ചെയ്തതായി ഡോക്ടര്‍ പ്രതിഭാഗത്തിന്‍െറ ക്രോസ് വിസ്താരത്തില്‍ വ്യക്തമാക്കി. മൂന്ന് ശസ്ത്രക്രിയയാണ് നടത്തിയത്. നേരത്തെ മജിസ്ട്രേറ്റിന് നല്‍കിയ മൊഴികളില്‍ അവര്‍ ഉറച്ചുനിന്നു. മരണത്തിനുശേഷം ആശുപത്രിക്കെതിരായി മാധ്യമങ്ങളിലും മറ്റും ആരോപണങ്ങള്‍ വന്നത് ശ്രദ്ധിച്ചിരുന്നില്ളെന്ന് പ്രതിഭാഗത്തിന്‍െറ ചോദ്യത്തിന് മറുപടി നല്‍കി.പരിക്കേറ്റ നിലയില്‍ ആശുപത്രിയിലത്തെിച്ചതു മുതല്‍ മരണംവരെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് ഓരോ വിശദാംശങ്ങളും പ്രതിഭാഗം വിസ്തരിച്ചു. ആശുപത്രിയില്‍ എത്തിച്ച് ടേബിളില്‍ കിടത്തിയപ്പോള്‍ ചന്ദ്രബോസിന് ഹൃദയാഘാതം സംഭവിച്ചതായും തക്കസമയത്തായതിനാല്‍ പരിചരിക്കാനായെന്നും ഡോക്ടര്‍ പറഞ്ഞു.

ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ആമാശയമടക്കം സാധാരണനിലയിലായിരുന്നു. എന്നാല്‍, പിന്നീട് ആന്തരികമുറിവുകളില്‍നിന്നുള്ള രക്തം നിറഞ്ഞ് ആമാശയം പഴുപ്പായി. ശ്വാസകോശത്തില്‍ നിന്നുള്‍പ്പെടെ രക്തപ്രവാഹമുണ്ടായത് ഹൃദയത്തിന്‍െറ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
രക്തചംക്രമണത്തിന് തടസ്സമാവുകയും ചെയ്തു. ശ്വാസകോശത്തിനും സാരമായ പരിക്കുണ്ടായിരുന്നു. എക്സ് റേ അടക്കമുള്ള പരിശോധനകളിലാണ് പരിക്ക് കണ്ടത്തെിയത്. എന്നാല്‍, ആന്തരികാവയവങ്ങളില്‍ ആദ്യം മൂന്നു പരിക്കാണ് കണ്ടത്. പിന്നീടാണ് ഒരു മുറിവു കൂടി കണ്ടത്. ഈ പരിക്കുകള്‍ കാരണമാണ് രക്തം പതുക്കെ ആമാശയത്തില്‍ നിറഞ്ഞത്. മലത്തിന് ഉണ്ടായ നിറവ്യത്യാസം ഇങ്ങനെയാണുണ്ടായത്. രക്തക്കുഴലുകളില്‍ ആഘാതം വരുന്നതോടെയാണ് രക്തചംക്രമണം തടസ്സപ്പെടുക. സര്‍ജറി സംബന്ധിച്ച വിവരണമടങ്ങുന്ന രേഖ പ്രോസിക്യൂഷന്‍ ഹാജരാക്കിയ മെഡിക്കല്‍ റെക്കോഡുകളില്‍ ഇല്ലാത്തതാണെന്നായിരുന്നു പ്രതിഭാഗത്തിന്‍െറ മറ്റൊരു പ്രധാന ആരോപണം. എന്നാല്‍, അനസ്തേഷ്യ നല്‍കിയതു മുതല്‍ രോഗി ബോധം തെളിയുന്നതുവരെയുള്ള റിപ്പോര്‍ട്ട് ഇതോടൊപ്പമുണ്ടെന്ന് ഡോ. സുനന്ദ പറഞ്ഞു.
മെഡിക്കല്‍ രേഖകള്‍, രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് മുതലുണ്ടായ ചികിത്സകള്‍, ഡോക്ടര്‍മാരുടെ സേവനം, നല്‍കിയ മരുന്നുകള്‍ എന്നിവയിലൂന്നി തിരിച്ചും മറിച്ചും പ്രതിഭാഗം ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍, മെഡിക്കല്‍ വിദഗ്ധയെന്ന നിലയില്‍ കൂടുതല്‍ വിശദീകരണമായിരുന്നു ഡോക്ടറുടെ മറുപടി.
അതീവ ഗുരുതരാവസ്ഥയില്‍ ഒരു രോഗിക്ക് ലഭിക്കേണ്ട ചികിത്സ സംബന്ധിച്ച അമേരിക്കന്‍ പ്രസിദ്ധീകരണം എടുത്തുകാട്ടി ചികിത്സയിലെ അശ്രദ്ധയുണ്ടായെന്ന വാദം സാധൂകരിക്കാന്‍ പ്രതിഭാഗം ശ്രമിച്ചപ്പോള്‍ മെഡിക്കല്‍ കുറിപ്പുകളല്ല, അപ്പപ്പോഴത്തെ സാഹചര്യവും മറ്റുമാണ് ചികിത്സകര്‍ ശ്രദ്ധിക്കുകയെന്ന് ഡോ. സുനന്ദ പറഞ്ഞു. 21നകം വിസ്താരം പൂര്‍ത്തിയാക്കണമെന്നത് കണക്കിലെടുത്ത് ബുധനാഴ്ചയിലെ കോടതി നടപടികള്‍ രാവിലെ 10ന് ആരംഭിച്ചു. എന്നിട്ടും ക്രോസ് വിസ്താരം വൈകീട്ട് അഞ്ചരയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് പ്രോസിക്യൂഷന്‍െറ പുനര്‍വിസ്താരം നടന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകീട്ട് ആറ് കഴിഞ്ഞാണ് കോടതി പിരിഞ്ഞത്. വ്യാഴാഴ്ച 104ാം സാക്ഷിയായ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഇഗ്നേഷ്യസിനെ വിസ്തരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.