ചന്ദ്രബോസ് വധക്കേസ് അനുവദിച്ച അധികസമയം ഇന്ന് തീരും; കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

തൃശൂര്‍: ചന്ദ്രബോസ്  വധക്കേസില്‍ വിചാരണക്കായി  കോടതി  അനുവദിച്ച അധിക സമയം ശനിയാഴ്ച അവസാനിക്കും. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ പ്രധാന സാക്ഷികളുടെ വിസ്താരം ഇതുവരെ നടന്നിട്ടില്ല. ഒന്നാം സാക്ഷി അനൂപിനെ ചികിത്സിച്ച ജില്ലാ ആശുപത്രിയിലെ ഡോ. അനിറ്റ, സംഭവ സ്ഥലവും മറ്റും കാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാരായ സാബു, വര്‍ഗീസ്, നിസാമിന്‍െറ ഡ്രൈവിങ് ലൈസന്‍സില്‍ ഒപ്പിട്ട ജോ.ആര്‍.ടി.ഒ കെ.ടി. മോഹന്‍, പുഴയ്ക്കല്‍ വില്ളേജ് ഓഫിസര്‍ സബിത, കുറ്റൂര്‍ വില്ളേജ് ഓഫിസര്‍ ഗീവര്‍ എന്നിവരെ വെള്ളിയാഴ്ച വിസ്തരിച്ചു. നേരത്തെ പ്രോസിക്യൂഷന്‍െറയും പ്രതിഭാഗത്തിന്‍െറയും അഭിഭാഷകര്‍ ഇവരെ വിസ്തരിച്ചതാണെങ്കിലും പ്രതിഭാഗം അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ആവശ്യപ്രകാരമാണ് വെള്ളിയാഴ്ച വീണ്ടും വിസ്തരിച്ചത്.

വിസ്താരം നീളുന്നതില്‍ ഒന്നിലേറെ തവണ കോടതി അതൃപ്തി പ്രകടിപ്പിച്ചിട്ടും പ്രോസിക്യൂഷനും പ്രതിഭാഗവും അത് ഗൗരവത്തില്‍ എടുത്തിട്ടില്ല. ചന്ദ്രബോസിന്‍െറ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേഖ് സക്കീര്‍ ഹുസൈന്‍, തിരുവനന്തപുരം ഫോറന്‍സിക് സയന്‍റിസ്റ്റ് ലാബിലെ ജോ. ഡയറക്ടര്‍ ടി. ശ്രീകുമാര്‍, ചന്ദ്രബോസിന് നേരെയുണ്ടായ ആക്രമണ കേസ് രജിസ്റ്റര്‍ ചെയ്ത പേരാമംഗലം എസ്.ഐ സുധാകരന്‍ എന്നിവരെ ശനിയാഴ്ച വിസ്തരിക്കും. 14 പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ കേസിലെ 111 സാക്ഷികളുടെ  വിസ്താരം നവംബര്‍17നകം പൂര്‍ത്തിയാക്കുന്ന തരത്തിലാണ് വിചാരണ  നടപടികള്‍ ക്രമീകരിച്ചിരുന്നത്.

ഒക്ടോബര്‍ 26ന്  തന്നെ സാക്ഷി വിസ്താരം ആരംഭിച്ചെങ്കിലും  നവംബര്‍ 17ന്  പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് 21നകം വിസ്താരം പൂര്‍ത്തിയാക്കാന്‍ കോടതി വാക്കാല്‍ നിര്‍ദേശിച്ചു. ഇരു ഭാഗത്തിന്‍െറയും അഭിപ്രായം തേടിയായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതിന് കോടതി സമയവും ക്രമീകരിച്ചു. രാവിലെ 11ന് പകരം കോടതി സമയം ഒരു മണിക്കൂര്‍ നേരത്തെയും വൈകീട്ട് അഞ്ചിന് പിരിയുന്നത് ആറിനുമാക്കി. ഉച്ച ഭക്ഷണ സമയവും കുറച്ചു. എന്നിട്ടും വിചാരണ പൂര്‍ത്തിയാക്കാനായിട്ടില്ല. വിസ്താരം അനാവശ്യമായി വലിച്ചു നീട്ടുകയാണെന്നാണ് പ്രോസിക്യൂഷന്‍െറ ആരോപണം.
ഇതിനിടെ കേസിന്‍െറ വിചാരണ കേരളത്തിന് പുറത്തേക്ക്  മാറ്റണമെന്ന നിസാമിന്‍െറ ആവശ്യം സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. വിചാരണയുടെ അന്തിമ ഘട്ടങ്ങളിലേക്ക് കടക്കാനിരിക്കെ നിസാമിന്‍െറ ആവശ്യത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം നിര്‍ണായകമാകും.

ഈ മാസം 31ന് വിധി പറയാനായിരുന്നു നേരത്തെ വിചാരണ ക്രമീകരിച്ചപ്പോള്‍ തീരുമാനിച്ചത്. തുടര്‍ന്നുള്ള വിചാരണക്ക് കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. നേരത്തെ നിസാമിന്‍െറ  ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി ജനുവരി 30ന്  വിധിപ്പകര്‍പ്പ്  കോടതിയില്‍ ലഭിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

കേരളത്തിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: വിചാരണ കേരളത്തിനു പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹാജരായില്ല. നിസാം നല്‍കിയ ഹരജി പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ എവിടെയെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. ഹരജിയുടെ പകര്‍പ്പ് സര്‍ക്കാര്‍ അഭിഭാഷകന് നേരിട്ടത്തെിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. നേരത്തേ തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് നിഷാമിന്‍െറ ജാമ്യാപേക്ഷ  പരിഗണനക്കുവന്നപ്പോള്‍  മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായത്.  
സംസ്ഥാനത്ത് സ്വതന്ത്രമായ വിചാരണ നടക്കില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിന് പുറത്തേക്ക് വിചാരണ മാറ്റണമെന്ന് നിസാം ആവശ്യപ്പെട്ടത്.
സാക്ഷികളെ പൊലീസ് പീഡിപ്പിക്കുകയാണെന്ന് നിസാമിന്‍െറ അഭിഭാഷകര്‍ ആരോപിച്ചു. അതേസമയം, പൊലീസ് പീഡിപ്പിച്ചതായി ഏതെങ്കിലും സാക്ഷികള്‍ പരാതി നല്‍കിയിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. തുടര്‍ന്ന് കേസ് തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. അതേസമയം, സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാതിരുന്ന കാര്യത്തില്‍ ആഭ്യന്തര വകുപ്പിനോട് വിശദീകരണം ചോദിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പ്രതികരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.