തൊടുപുഴ: തോട്ടം മേഖലയിലെ കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക കർമസേന രൂപവത്കരിക്കാൻ തീരുമാനം. തോട്ടം മേഖലയിൽ കുട്ടികൾ ബാലാവകാശ ലംഘനത്തിന് ഇരയാകുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇവരുടെ ജീവിതസാഹചര്യങ്ങൾ ചർച്ച ചെയ്യാനും കർമപദ്ധതി തയാറാക്കാനുമായി ചീഫ് സെക്രട്ടറി തിരുവനന്തപുരത്ത് ബുധനാഴ്ച വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിശദമായി റിപ്പോർട്ട് തയാറാക്കി ഇടുക്കി ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് കർമ സേന രൂപവത്കരിക്കുക.
കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളിൽ കലക്ടർ നേരിട്ട് ഇടപെട്ട് പരിഹാരം കാണണം. തോട്ടം മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നിവ ഉറപ്പുവരുത്താൻ വിവിധ ഏജൻസികളുടെ ഫണ്ട് ഉപയോഗപ്പെടുത്താമെന്നും യോഗത്തിൽ തീരുമാനമായി. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ഡെപ്യൂട്ടി എക്സൈസ് കമീഷണർ, ആർ.ടി.ഒ, ജില്ലാ മെഡിക്കൽ ഓഫിസർ, വിദ്യാഭ്യാസ ഉപഡയറക്ടർ, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസർ, ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫിസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ, ജില്ലാ ലേബർ ഓഫിസർ, പ്ലാേൻറഷൻ ചീഫ് ഇൻസ്പെക്ടർ, പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, പെരുവന്താനം, കൊക്കയാർ, ഏലപ്പാറ, ഉപ്പുതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരുടെ യോഗമാണ് വിളിച്ചത്. ജില്ലാ തലത്തിൽ പരിഹരിക്കാൻ കഴിയാത്തവക്ക് സർക്കാർ തലത്തിൽ നടപടിയുണ്ടാകുമെന്നും യോഗം അറിയിച്ചു.
പീരുമേട് തോട്ടം മേഖലകളിൽ ഗുരുതരമായ ബാലാവകാശ ലംഘനം നടക്കുന്നതായി സംസ്ഥാന ബാലാവകാശ കമീഷൻ സർക്കാറിന് കഴിഞ്ഞ മാസം റിപ്പോർട്ട് നൽകിയിരുന്നു. അവകാശങ്ങൾ നിറവേറ്റുന്നതിൽ തോട്ടം ഉടമകൾക്കും സർക്കാറിനും നിർണായക പങ്കും ഉത്തരവാദിത്തവുമുണ്ടെന്നും കമീഷൻ നിരീക്ഷിച്ചതിെൻറ അടിസ്ഥാനത്തിലായിരുന്നു അടിയന്തര യോഗം ചേർന്നത്. കലക്ടർ നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സർക്കാർ തലത്തിൽ സഹായം ഉണ്ടാകുമെന്ന് യോഗത്തിൽ ഉറപ്പ് ലഭിച്ചതായി കലക്ടർ വി. രതീശൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.