തിരുവനന്തപുരം: ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബില്ലിന്‍മേല്‍ വിവിധ നിര്‍ദേശങ്ങള്‍ ഇതിനകം ലഭിച്ചുവെന്നും ഹര്‍ത്താല്‍ നിരോധമല്ല, നിയന്ത്രണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കാനുള്ള നീക്കമില്ല. ട്രേഡ് യൂണിയനുകള്‍ പണിമുടക്കുന്നത് ഇതിന്‍റെ പരിധിയില്‍ വരില്ല. ഡല്‍ഹിയില്‍ ജന്ദര്‍മന്ദിറില്‍ ആണ് എല്ലാ സമരങ്ങളും അല്ലാതെ പാര്‍ലമെന്‍റ് മുന്നിലോ രാഷ്ട്രപതി ഭവന് മുന്നിലോ അല്ളെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തയാഴ്ച എല്ലാ ജില്ലകളിലും പൊതുജനങ്ങള്‍ക്ക് നിര്‍ദേശം അറിയിക്കാന്‍ സംവിധാനം ഒരുക്കും. ഹര്‍ത്താലിനെതിരെ കേരളത്തില്‍ നിരവധിയാളുകള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. പൊതു സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇക്കാര്യം ആലോചിച്ചത്.
ഹര്‍ത്താല്‍ നിയന്ത്രണത്തെ കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കം. ഹര്‍ത്താല്‍ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാനുതകുന്ന വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുത്തുക എന്നതാണ് ബില്ലു കൊണ്ട് ഉദ്ദേശിക്കുന്നത്.
മൂന്ന് ദിവസം മുമ്പെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപിക്കുക, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക, ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും സ്ഥാപനങ്ങള്‍ അടപ്പിക്കുന്നത് കുറ്റകരമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്. ബലം പ്രയോഗിച്ച് സ്ഥാപനങ്ങള്‍ അടപ്പിച്ചാല്‍ ആറു മാസം വരെ തടവോ പതിനായിരം രൂപ പിഴയോ ആണ് ബില്ലില്‍ ശുപാര്‍ശ ചെയ്യന്ന ശിക്ഷ.
ആക്രമ സാധ്യതയുണ്ടെങ്കില്‍ സര്‍ക്കാരിന് ഹര്‍ത്താലിനുള്ള അനുമതി നിഷേധിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. ബില്‍ പ്രകാരം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട ചുമതല പോലീസിനാണ്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനുള്ള വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തട്ടിപ്പു നടത്തുന്നയാളുകള്‍ പ്രമുഖരായ ആരുടെയെങ്കിലും പേരുപറയുന്നത് ഫാഷനായിരിക്കുകയാണെന്ന് തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം പ്രതികരിച്ചു. അത് മാധ്യങ്ങള്‍ ഏറ്റെടുക്കുകയാണ്. എന്നാല്‍, മുഖ്യധാരാ മാധ്യമങ്ങള്‍ അത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്. ഒരു ബാര്‍ബറുടെ നിയമനത്തിന് താന്‍ കൈക്കൂലി വാങ്ങുമെന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. പ്രതികള്‍ തട്ടിപ്പിനായി ഉപയോഗിച്ചത് ഒൗദ്യോഗിക മുദ്രയല്ല. എല്ലാം അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.