കാക്കനാട്: ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി കൊച്ചി കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്വദേശിനിയിൽനിന്ന് നാലുകോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി പിടിയിൽ. കൊല്‍ക്കത്ത സ്വദേശിയും യുവമോർച്ച നേതാവുമായ ലിങ്കൻ ബിശ്വാസാണ് (29) കൊച്ചി സൈബർ പൊലീസിന്റെ പിടിയിലായത്. ബംഗാളിന്റെ മുൻ സന്തോഷ് ട്രോഫി താരം കൂടിയാണ് പ്രതി. നേരത്തേ കേസില്‍ അറസ്റ്റിലായ കൊണ്ടോട്ടി സ്വദേശികളില്‍നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. കഴിഞ്ഞ 17നാണ് കൊച്ചി സൈബർ പൊലീസ് പ്രതിയെത്തേടി കൊൽക്കത്തയിൽ എത്തിയത്. തുടർന്ന് ബംഗ്ലാദേശ് അതിർത്തിയായ കൃഷ്ണഗഞ്ചിൽനിന്ന് പിടികൂടുകയായിരുന്നു. കൊൽക്കത്ത പൊലീസിന്റെ സഹായത്തോടെ ഏഴോളം പൊലീസ് വാഹനങ്ങളിലെത്തി വീട് വളഞ്ഞാണ് പ്രതിയെ വലയിലാക്കിയത്.
കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്വദേശിനിയായ റിട്ട. കോളജ് അധ്യാപിക ബെറ്റി ജോസഫാണ് പരാതിക്കാരി. ഡൽഹിയിലെ ഐ.സി.ഐ.സി.ഐ ബാങ്കിൽ പരാതിക്കാരിയുടെ പേരിൽ സന്ദീപ് കുമാർ എന്നയാൾ അക്കൗണ്ട് എടുത്തിട്ടുണ്ടെന്നും ഈ അക്കൗണ്ടിലൂടെ ഇയാൾ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്കുപുറമെ ലഹരിക്കടത്തും മനുഷ്യക്കടത്തും നടത്തിയിട്ടുണ്ടെന്നും വീട്ടമ്മയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അക്കൗണ്ടിലുള്ളത് നിയമപ്രകാരമുള്ള പണമാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ലീഗൽ മണിയാണെന്ന് കണ്ടെത്തിയാൽ പണം തിരികെനൽകാമെന്നും പ്രതികൾ പറഞ്ഞുവിശ്വസിപ്പിച്ചു. അക്കൗണ്ടിലുള്ള മുഴുവൻ പണവും തങ്ങൾ നൽകുന്ന അക്കൗണ്ടുകളിലേക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യണമെന്നും അല്ലെങ്കിൽ പരാതിക്കാരിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് തന്റെ മൂന്ന് അക്കൗണ്ടുകളിലെ 4.11 കോടി രൂപ പലതവണയായി ഓൺലൈനായി പ്രതികൾക്ക് കൈമാറിയത്. 2024 ഒക്ടോബർ 16 മുതൽ 21 വരെ തീയതികളിലായിരുന്നു പണം കൈമാറ്റം.
യുവമോർച്ച കൃഷ്ണഗഞ്ച് മണ്ഡലം പ്രസിഡന്റായ പ്രതിക്ക് കംബോഡിയയിലെ തട്ടിപ്പ് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും കോടിക്കണക്കിന് രൂപയാണ് ഇതുവരെ തട്ടിയെടുത്തതെന്നും സൈബർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കംബോഡിയയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യലും ഇയാളുടെ ജോലിയായിരുന്നു. രാജ്യത്തെ വിവിധയിടങ്ങളിൽ നടന്ന സൈബർ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
സൈബർ പൊലീസ് എ.സി.പി മുരളിയുടെ നിർദേശപ്രകാരം പൊലീസ് ഇൻസ്പെക്ടർ പി.ആർ. സന്തോഷ്, എ.എസ്.ഐ വി. ശ്യാംകുമാർ, പൊലീസ് ഓഫിസർമാരായ ആർ. അരുൺ, അജിത് രാജ്, നിഖിൽ ജോർജ്, ഷറഫുദ്ദീൻ, ആൽഫിറ്റ് ആൻഡ്രൂസ് എന്നിവരടങ്ങുന്ന സംഘമാണ് കൊൽക്കത്തയിൽനിന്ന് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.