പരീക്ഷ ചോദ്യ ചോർച്ച: ശുഹൈബ് ഒളിവിൽ

കോഴിക്കോട്: ചോദ്യ ചോർച്ചക്കേസിൽ കൊടുവള്ളിയിലെ എം.എസ് സൊലൂഷൻസ് സി.ഇ.ഒ ശുഹൈബ് ഒളിവിൽ. ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിയില്ല. ഇതോടെ ശുഹൈബ് വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കാൻ അന്വേഷണസംഘം അപേക്ഷ നൽകി. ശുഹൈബിന്റെ പാസ്പോർട്ട് വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ചു. ഒപ്പം എം.എസ് സൊലൂഷൻസിലെ കണക്ക് അധ്യാപകൻ ജിഷ്ണുവിനും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഇയാളും എത്തിയില്ല. ഇംഗ്ലീഷ് അധ്യാപകൻ ഫഹദിനും ഉടൻ നോട്ടീസ് നൽകിയേക്കും.

എം.എസ് സൊലൂഷൻസ് ഓഫിസിലും ശുഹൈബിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി ലാപ്ടോപ്, ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ അടക്കമുള്ളവ കസ്റ്റഡിയിലെടുത്തതോടെ ഒളിവിൽ പോയ ശുഹൈബ് അഡ്വ. പി. കുമാരൻകുട്ടി, അഡ്വ. എം. മുഹമ്മദ് ഫിർദൗസ് എന്നിവർ മുഖേന മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിക്കുന്നത് ജില്ല കോടതി ഡിസംബർ 31ലേക്ക് മാറ്റി.

മുൻകൂർ ജാമ്യം നേടുന്നതിനുമുമ്പ് ശുഹൈബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്താനുമാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അതിനായി വിവിധയിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങി. ഇയാളുടെ ഫോൺ വിളികളുടെ വിശദാംശങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

Tags:    
News Summary - Exam question leak: Shuhaib on the run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.