ചന്ദ്രബോസ്​ വധം: നിസാം കാറുകൊണ്ട് ഇടിച്ചിടുന്നത് കണ്ടെന്ന് രണ്ടാം സാക്ഷി

തൃശൂർ: പുഴയ്ക്കൽ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ മുഹമ്മദ് നിസാം കാറുകൊണ്ട് ഇടിച്ചിടുന്നത് കണ്ടുവെന്ന് കേസിലെ രണ്ടാം സാക്ഷി അജീഷിെൻറ മൊഴി. ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണയിലാണ് ചന്ദ്രബോസിനെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച ദൃക്സാക്ഷിയായ അജീഷ് മൊഴി നൽകിയത്. അജീഷിെൻറ പ്രോസിക്യൂഷൻ വിസ്താരം വെള്ളിയാഴ്ച പൂർത്തിയായി. പ്രതിഭാഗം ക്രോസ് വിസ്താരം തുടങ്ങി.

താൻ ശോഭാ സിറ്റിയുടെ പ്രധാന ഓഫിസിൽ ആയിരുന്നുവെന്നും നിസാം ചന്ദ്രബോസിനെ ആക്രമിക്കുന്നുവെന്ന് അനൂപ് ഫോൺ ചെയ്തതനുസരിച്ചാണ് താഴെയെത്തിയതെന്നും അജീഷ് കോടതിയിൽ പറഞ്ഞു. സെക്യൂരിറ്റി കാബിെൻറ ജനൽ ചില്ല് ബാറ്റൺ ഉപയോഗിച്ച് അടിച്ച് പൊട്ടിച്ച് നിസാം അകത്ത് കയറുന്നതും അതിനുള്ളിൽ വെച്ച് ചന്ദ്രബോസിനെ ക്രൂരമായി മർദിക്കുകയും ചവിട്ടുകയും ചെയ്യുന്നത് കണ്ടു. കാബിനിൽ നിന്നും ജനൽ വഴി പുറത്തു കടന്ന നിസാം കാറിനടുത്തേക്ക് പോയി. ഇതിനിടെ അനൂപ് വിളിച്ചു പറഞ്ഞതനുസരിച്ച് ചന്ദ്രബോസ് പുറത്ത് കടന്നെങ്കിലും ഹമ്മർ കാറിൽ അതിവേഗത്തിലെത്തിയ നിസാം ഫൗണ്ടനോട് ചേർത്ത് ചന്ദ്രബോസിനെ കാർ കൊണ്ട് ഇടിച്ച് തെറിപ്പിച്ചു. കാറിെൻറ മുൻവശത്തെ ചക്രങ്ങൾ ഫൗണ്ടനിൽ കുടുങ്ങിക്കിടന്നു.

ഇതിനിടെ ഒരു വെള്ള ജാഗ്വർ കാർ അടുത്തെത്തി. ഇതിൽ നിന്നും നിസാമിെൻറ ഭാര്യ അമൽ പുറത്തിറങ്ങുന്നത് കണ്ടു. ഉപദ്രവിക്കുമോയെന്ന ഭയത്താൽ തങ്ങൾക്ക് അടുത്തെത്താൻ കഴിഞ്ഞില്ല. ഇരുവരും കയറി കാർ പിറകിലേക്കെടുത്ത് പോയ ശേഷം നോക്കിയപ്പോൾ അവിടെ ചന്ദ്രബോസിനെ കണ്ടില്ല. ചന്ദ്രബോസിനെ കാറിൽ വലിച്ചിട്ട് കൊണ്ടു പോയെന്ന് അനൂപാണ് പറഞ്ഞത്. ഇതിനിടെ മറ്റ് ജീവനക്കാരായ അസൈനാർ, ഓട്ടോ ഇലക്ട്രീഷ്യൻ കിങ്സ്ലി എന്നിവരെത്തി. തങ്ങൾ ശോഭാ സിറ്റിയിലെ ടോപ്പസ് ഫ്ലാറ്റിനടുത്തേക്ക് ചെന്ന് സെക്യൂരിറ്റി കാബിനിൽ നിസാമിെൻറ ഫ്ലാറ്റ് നമ്പർ നോക്കുമ്പോൾ പാർക്കിങ് ഏരിയയിൽ ചോരയിൽ കുളിച്ച് കിടക്കുന്ന ചന്ദ്രബോസിനെ കണ്ടു. ഈ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഡോ. രാകേഷും അവിടെയെത്തി. താനും അസൈനാരും കിങ്സ്ലിയും ചേർന്ന് ആംബുലൻസിൽ ചന്ദ്രബോസിനെ അമല ആശുപത്രിയിൽ എത്തിച്ചു. ഫെബ്രുവരി 16ന് ഉച്ചകഴിഞ്ഞ് ചന്ദ്രബോസ് മരിച്ചത് കാർ കൊണ്ടുള്ള ഇടിയുടെ ആഘാതത്തിലാണെന്ന് അറിഞ്ഞതായും അജീഷ് പറഞ്ഞു.

സംഭവ ദിവസം മഹസർ രേഖപ്പെടുത്താതിരുന്ന പൊലീസ് പിന്നീട് തന്നെ ഉൾപ്പെടുത്തുകയായിരുന്നില്ലേയെന്നും പൊലീസിെൻറ പ്രേരണയിലല്ലേ മൊഴി നൽകിയതെന്നും ക്രോസ് വിസ്താരത്തിൽ പ്രതിഭാഗം അഭിഭാഷകെൻറ ചോദ്യത്തിന്, താൻ കണ്ട കാര്യങ്ങളാണ് പറഞ്ഞതെന്നും ആരുടെയും പ്രേരണയില്ലെന്നും മറുപടി നൽകി. അജീഷിനെ വിസ്തരിക്കുന്നത് ശനിയാഴ്ചയും തുടരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.