തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട പോളിങ് നടക്കുന്ന ഏഴ് ജില്ലകളിൽ പരസ്യപ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. തിങ്കളാഴ്ച 1.11കോടി വോട്ടർമാർ ബൂത്തിലേക്ക്. ഒരുമാസം നാടിളക്കിയ പ്രചാരണത്തിനാണ് ശനിയാഴ്ച വൈകീട്ട് തിരശ്ശീല വീണത്. ഞായറാഴ്ച നിശ്ശബ്ദ പ്രചാരണമാണ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ത്രിതല പഞ്ചായത്തുകൾ, നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിലെ 9220 വാർഡിലേക്കാണ് നാളെ തെരഞ്ഞെടുപ്പ്. ജില്ലകളെ ഇളക്കിമറിച്ചാണ് പ്രചാരണം സമാപിച്ചത്. 31161പേരാണ് മത്സരരംഗത്തുള്ളത്.
ശേഷിക്കുന്ന ഏഴ് ജില്ലകളിൽ അഞ്ചിനാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഈമാസം ഏഴിന്. ആദ്യഘട്ട തെരഞ്ഞെടുപ്പിന് എല്ലാ ക്രമീകരണവും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ കെ. ശശിധരൻനായർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂരിൽ ചുവപ്പും പച്ചയും ത്രിവർണവുമായി നഗരവീഥികൾ ആവേശത്തിൽ അലിഞ്ഞു. വൈകീട്ട് മൂന്നിന് പ്രചാരണം അവസാനിപ്പിക്കണമെന്ന നിർദേശമുണ്ടായിരുന്നുവെങ്കിലും മുന്നണികളുടെ സമ്മർദത്തെ തുടർന്ന് അഞ്ചുവരെയാക്കി. യു.ഡി.എഫ് പ്രവർത്തകർ കൊട്ടും പാട്ടും കലാശവുമായി താണയിൽ നിന്നാണ് പ്രകടനമാരംഭിച്ചത്. അടിമുടി പച്ചയണിഞ്ഞെത്തിയ ലീഗ് പ്രവർത്തകരാണ് യു.ഡി.എഫ് പ്രകടനത്തിന് നിറം പകർന്നത്. എൽ.ഡി.എഫ് പ്രകടനം തെക്കീ ബസാറിൽനിന്ന് ആരംഭിച്ച് പഴയ ബസ്സ്റ്റാൻറ് പരിസരത്ത് സമാപിച്ചു. കോർപറേഷൻ ഡിവിഷൻ പരിധിയിലായിരുന്നു ബി.ജെ.പി ശക്തിപ്രകടനം. കൊട്ടിക്കലാശത്തിനിടെ കണ്ണൂർ പഴയങ്ങാടിമുട്ടത്ത് സ്വതന്ത്ര ജനകീയ മുന്നണി പ്രവർത്തകൻ എസ്.എച്ച്. ഇസ്മായിലിന് കുത്തേറ്റു.
ചുവപ്പും കാവിയും പച്ചയും മത്സരം ഇത്തവണ കാസർകോട് നഗരത്തിലുണ്ടായില്ല. തലവേദന സൃഷ്ടിക്കുന്ന കലാശക്കൊട്ടിൽനിന്ന് പാർട്ടികൾ സ്വയം പിന്മാറുകയായിരുന്നു. കൊട്ടിക്കലാശം വാർഡുകളിൽ പരിമിതപ്പെടുത്തി. ഇടതുമുന്നണി പ്രകടനം വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ബി.ജെ.പി വാർഡുകളിലും ഇടത്, ഐ.എൻ.എൽ, വികസന മുന്നണി എന്നിവരുടെ വാർഡുകളിലും അന്ത്യനിമിഷങ്ങൾ ഗംഭീരമായി.
കോഴിക്കോട്ട് കൊട്ടിക്കലാശം യുവാക്കളുടെ ആഘോഷമായി. ചെറുപാർട്ടികൾപോലും ആവേശം വിതറി സാന്നിധ്യമറിയിച്ചു. തീരദേശങ്ങളിൽ വൈകുന്നേരമായപ്പോഴേക്കും ആവേശം തിളച്ചുമറിഞ്ഞു. ഭ്രാന്തമായ ആവേശത്തിനിടയിലും ശത്രുപക്ഷങ്ങൾ സംയമനം പാലിച്ചു. സംഘർഷമൊഴിവാക്കാൻ കൊട്ടിക്കലാശം വേണ്ടെന്ന് രാഷ്ട്രീയപാർട്ടി നേതാക്കളും പൊലീസും ധാരണയിലെത്തിയിരുന്നു. പുതിയകടവ് ബീച്ചിലായിരുന്നുഏറ്റവും ആവേശം. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരങ്ങൾ കൊട്ടിക്കലാശം കാണാൻ ഇവിടെ നിരന്നു.
വയനാട്ടിൽ കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, പുൽപള്ളി മേഖലകളിൽ കൊട്ടിക്കലാശം ആവേശത്തിലായി. വൈകീട്ട് നാലുമണിയോടെത്തന്നെ ഇടത്, വലത് മുന്നണി പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും പ്രചാരണ വാഹനങ്ങളുമായി നഗരങ്ങളിലെത്തിയിരുന്നു. അനിഷ്ട സംഭവങ്ങളുണ്ടായില്ല. ഇടുക്കിയിൽ നെടുങ്കണ്ടത്ത് ചെറിയ സംഘർഷമുണ്ടായത് ഒഴിച്ചാൽ സമാപനം ശാന്തമായിരുന്നു. തൊടുപുഴ, കട്ടപ്പന, കുമളി, നെടുങ്കണ്ടം, അടിമാലി, വണ്ടിപ്പെരിയാർ, മൂന്നാർ, ചെറുതോണി എന്നിവിടങ്ങളിലെ കൊട്ടിക്കലാശത്തിൽ ആവേശം അണപൊട്ടി.
കൊല്ലം ജില്ലയിൽ വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം. ചിലയിടങ്ങളിൽ വൈകീട്ട് അഞ്ചുകഴിഞ്ഞും ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചതും പ്രവർത്തകർ മുഖാമുഖം നിന്ന് മുദ്രവാക്യം വിളിച്ചതും ചെറിയ രീതിയിൽ സംഘർഷം സൃഷ്ടിച്ചു.
കുമ്മിളിലും നിലമേലും ഉണ്ടായ സംഘർഷത്തിൽ സി.ഐക്കും എൽ.ഡി.എഫ് പ്രവർത്തകർക്കും പരിക്കേറ്റു. കടയ്ക്കൽ സി.ഐ ദിലീപ്കുമാർദാസ് (48), സി.പി.എം കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗവും കടയ്ക്കൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറുമായ കെ. മധു (50), ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ആസിഫ് (20), അസ്ലം (24), ഹർഷാദ് (18), പ്രദീപ് (41), നിലമേലിലെ എൽ.ഡി.എഫ് പ്രവർത്തകൻ തൗഫീഖ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ലാത്തിച്ചാർജിൽ പരിക്കേറ്റ ഏരിയ കമ്മിറ്റി അംഗം ആർ. മധുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലസ്ഥാനജില്ലയിൽ തീരദേശമടക്കം വിവിധയിടങ്ങൾ കലാശക്കൊട്ടിന് വേദിയായെങ്കിലും ശ്രദ്ധയാകർഷിച്ചത് പേരൂർക്കടയാണ്. കോർപറേഷനിലെ വിവിധ വാർഡുകളിലെ സ്ഥാനാർഥികളുടെ പ്രചാരണമാണ് പേരൂർക്കടയിൽ കൊട്ടിയിറങ്ങിയത്. ഒരുവിഭാഗം പ്രവർത്തകർ പേരൂർക്കട ജങ്ഷനിലേക്ക് പ്രകടനമായി നീങ്ങുന്നതിനിടെ മറുവിഭാഗം പ്രവർത്തകർ തടസ്സമുണ്ടാക്കിയത് ചെറിയതോതിൽ ഉന്തിനും തള്ളിനുമിടയാക്കി. പൂന്തുറ എസ്.എം ലോക്കിൽ കോൺഗ്രസിലെ റെബൽ സ്ഥാനാർഥികളെച്ചൊല്ലി യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കൈയാങ്കളിയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.