വന്ധ്യംകരണത്തിനിരയായ അരനാടന്‍ വിഭാഗത്തെ സംരക്ഷിക്കാന്‍ നടപടി

നിലമ്പൂര്‍: സര്‍ക്കാറിന്‍െറ വന്ധ്യംകരണത്തിനിരയായി വംശനാശ ഭീഷണിയിലായ അരനാടന്‍ വിഭാഗത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി തുടങ്ങി. അടിയ-പണിയ-കാട്ടുനായ്ക്ക സ്പെഷല്‍ പാക്കേജില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ ഇതിന് തത്ത്വത്തില്‍ അംഗീകാരമായിരുന്നു. മലപ്പുറം ജില്ലയില്‍ മാത്രം കണ്ടുവരുന്ന അരനാടന്മാര്‍ സര്‍ക്കാറിന്‍െറ ഒരുവിധ സഹായവും ലഭിക്കാതെ പട്ടിണിയിലും ദുരിതത്തിലുമാണ്. വഴിക്കടവ്, കരുളായി, മൂത്തേടം, ചോക്കാട്, എടക്കര പഞ്ചായത്തുകളിലെ വനാതിര്‍ത്തികളിലും പുറമ്പോക്ക് ഭൂമിയിലുമാണ് ഇവരുടെ അധിവാസം. പ്ളാസ്റ്റിക് ഷെഡുകളില്‍ അന്തിയുറങ്ങുന്ന ഇവര്‍ ലൈംഗിക ചൂഷണത്തിനും ഇരകളാവുന്നുണ്ട്.
2008ലെ പട്ടികവര്‍ഗ വകുപ്പിന്‍െറ കണക്ക് പ്രകാരം 248 ആയിരുന്നു ഇവരുടെ എണ്ണം. ഇപ്പോള്‍ 186ല്‍ താഴെയാണ് ജനസംഖ്യ. സര്‍ക്കാറിന്‍െറ കുടുംബാസൂത്രണ പദ്ധതിയില്‍ വന്ധ്യംകരണത്തിന് ഇരകളായതാണ് ഈ വിഭാഗത്തിന് തിരിച്ചടിയായത്. എടക്കര പഞ്ചായത്തില്‍ അരനാടന്മാര്‍ മാത്രം താമസിച്ചിരുന്ന അരനാടന്‍പാടം ഗ്രാമത്തില്‍ ഇപ്പോള്‍ അഞ്ച് അണുകുടുംബങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. വഴിക്കടവ് പൂവത്തിപൊയില്‍ താഴെ കോളനിയില്‍ അഞ്ച് കുടുംബങ്ങളുണ്ടായിരുന്നത് ഒന്നായി ചുരുങ്ങി. തെക്കേപാലാട് -6, പൂളക്കപ്പാറ -1, കല്‍കുളം -3, ചോക്കാട് ഗിരിജന്‍ കോളനി -2, അടക്കാകുണ്ട് -1, അമരമ്പലം പുഞ്ച -4, പാലേമാട് ഉണ്ണിചന്തം -4, കരുളായി കൊട്ടുപാടം -11, വള്ളിക്കെട്ട് -8 എന്നിങ്ങനെയാണ് ജില്ലയില്‍ അരനാടന്‍ കുടുംബങ്ങളുള്ളത്. ഏറനാട് താലൂക്കില്‍ മാത്രം കണ്ടുവന്നിരുന്ന ഏരനാടന്മാരാണ് പില്‍ക്കാലത്ത് അരനാടരായി അറിയപ്പെട്ടത്.
വിറക് ശേഖരിച്ച് വില്‍പന നടത്തിയാണ് ഉപജീവനം.വള്ളിക്കെട്ട് കോളനിയിലെ വനംഗാര്‍ഡ് ബീന മാത്രമാണ് ഈ വിഭാഗത്തിലെ ഏക സര്‍ക്കാര്‍ ജീവനക്കാരി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.