കൈവെട്ട് കേസ്: ശിക്ഷ സസ്പെന്‍ഡ് ചെയ്യണമെന്ന ഹരജി ഹൈകോടതി തള്ളി

കൊച്ചി: കൈവെട്ട്  കേസിലെ ശിക്ഷാവിധിക്കെതിരെ അപ്പീല്‍ നല്‍കിയിരിക്കെ ശിക്ഷ നടപ്പാക്കുന്നത് സസ്പെന്‍ഡ് ചെയ്യണമെന്ന പ്രതികളുടെ ഹരജി ഹൈകോടതി തള്ളി. തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്‍െറ കൈവെട്ടിയ കേസിലെ പത്ത് പ്രതികളുടെ ശിക്ഷ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യമാണ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് രാജ വിജയരാഘവന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിരസിച്ചത്. രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 12, 27, 29  പ്രതികളായ  ജമാല്‍, മുഹമ്മദ് ഷോബിന്‍, ഷംസുദ്ദീന്‍, ഷാനവാസ്, കെ.എം. പരീത്, യൂനസ് അലിയാര്‍, ജാഫര്‍, കെ.കെ. അലി, ഷജീര്‍, കെ. ഇ. കാസീം എന്നിവരുടെ അപേക്ഷയാണ് തള്ളിയത്. വധശ്രമകുറ്റത്തിന് എട്ടുവര്‍ഷം വരെ  കഠിന തടവിനും പിഴക്കും, യു.എ.പി.എ യുടെ വിവിധ വകുപ്പ് പ്രകാരം എട്ടുവര്‍ഷം  തടവിനും പിഴക്കും മറ്റ് കേസുകളില്‍ തടവിനും എന്‍.ഐ.എ കോടതി ശിക്ഷിച്ചവരാണ് ഇവരെല്ലാവരും. കേസ് ഗൗരവമുള്ളതായതിനാല്‍ അപ്പീലില്‍  തീര്‍പ്പാകും വരെ ശിക്ഷ സസ്പെന്‍ഡ് ചെയ്യാനാവില്ളെന്ന് ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട പ്രതികളെ ഇനിയും പിടികൂടാനുണ്ട്.   ജാമ്യം അനുവദിച്ചാല്‍ പ്രതികള്‍ ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന എന്‍.ഐ.എയുടെ വാദവും കോടതി അംഗീകരിച്ചു. തുടര്‍ന്ന് ചില പ്രതികളെ വെറുതെവിട്ടതിനെതിരെയും ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ശിക്ഷ കുറഞ്ഞുപോയെന്ന് ആരോപിച്ചും എന്‍. ഐ.എ സമര്‍പ്പിച്ച അപ്പീല്‍ ഹരജിക്കൊപ്പം പ്രതികളുടെ ഹരജിയും വാദം കേള്‍ക്കാനായി ജൂണ്‍ ഒന്നിലേക്ക് ഡിവിഷന്‍ബെഞ്ച് മാറ്റി. എന്‍.ഐ. എയുടെ അപ്പീല്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്നാണ് ചട്ടം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.