ബാർകോഴ: മാണിയുടെ ഹരജി ഹൈകോടതി തള്ളി

കൊച്ചി: ബാർ കോഴക്കേസിൽ മുന്‍ ധനമന്ത്രി കെ.എം. മാണിക്ക് വീണ്ടും തിരിച്ചടി. വിജിലൻസ് കോടതി നടപടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്  മാണി സമർപ്പിച്ച ഹരജി ഹൈകോടതി തള്ളി. നിയമത്തിന് മുന്നിൽ എല്ലാവരും സമൻമാരാണെന്നും ആയിരക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുന്ന കോടതിയിൽ ഈ കേസ് പരിഗണിക്കേണ്ട അടിയന്തിര സാഹചര്യമില്ലെന്നും ജസ്റ്റിസ് പി.ഡി രാജൻ വ്യക്തമാക്കി.

ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്.പി ആര്‍. സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് കോടതി നടപടി നിര്‍ത്തിവെക്കണമെന്നായിരുന്നു മാണിയുടെ ആവശ്യം. ഇന്ന് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സുകേശനെതിരായ അന്വേഷണത്തിൽ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ബോധിപ്പിച്ചു.
ബിജു രമേശിന്‍റെ സി.ഡിയാണ് സുകേശനെതിരെയുള്ള തെളിവായി സർക്കാർ കോടതിയിൽ ഹാജരാക്കിയത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇതേതുടര്‍ന്ന് കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ശാസ്ത്രീയ പരിശോധനകൾക്ക് പോലും വിധേയമാക്കാത്ത സി.ഡി കോടതിയിൽ ഹാജരാക്കിയതുകൊണ്ട് എന്തു പ്രയോജനമാണുള്ളതെന്ന് കോടതി ചോദിച്ചു.

ഒരു കൈ കൊണ്ട് അടിക്കുകയും മറുകൈ കൊണ്ട് തലോടുകയും ചെയ്യുന്ന സമീപനമാണ് സുകേശനെതിരെ സർക്കാർ സ്വീകരിച്ചത്. സുകേശനെ സംശയത്തിന്‍റെ നിഴലിൽ നിർത്തിക്കൊണ്ട് ബാർകോഴ കേസിൽ പുകമറ സൃഷ്ടിക്കാനായിരുന്നു സർക്കാർ ശ്രമിച്ചതെന്ന് കോടതി സംശയമുന്നയിച്ചു. വിജിലൻസ് കോടതിക്ക് നിയമപരമായ തുടർ നടപടികളുമായി മുന്നോട്ടുപോകാം. തീരുമാനങ്ങളെടുക്കാനുള്ള അധികാരം കോടതിക്കുണ്ട്. കോടതിയുടെ അധികാരത്തിൽ ഇടപെടാൻ ഹൈകോടതി ആഗ്രഹിക്കുന്നില്ല എന്നും ജസ്റ്റിസ് പി.ഡി രാജൻ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.