മുഖ്യമന്ത്രിക്കായി കോൺഗ്രസ് ഹൈകമാൻഡിൽ ഇടപെട്ടു: മുസ് ലിം ലീഗ്

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കായി കോൺഗ്രസ് ഹൈകമാൻഡിൽ ഇടപെട്ടെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. കോൺഗ്രസ് സ്ഥാനാർഥി നിർണയ പ്രതിസന്ധിക്ക് പരിഹാരമായത് ലീഗിന്‍റെ ഇടപെടൽ മൂലമാണ്. മുഖ്യമന്ത്രി മാറിനിന്നാൽ യു.ഡി.എഫിന് തിരിച്ചടിയാകുമെന്ന് കോൺഗ്രസ് നേതൃത്വത്തെ ലീഗ് അറിയിച്ചു. ലീഗിന്‍റെ സ്ഥാനാർഥി നിർണയത്തിൽ സമസ്തയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും മജീദ് ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.  

ആരോപണ വിധേയരായ മന്ത്രിമാർക്കും എം.എൽ.എമാർക്കും സ്ഥാനാർഥിത്വം നൽകാനാവില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ നിലപാട് സ്വീകരിച്ചതോടെയാണ് സംസ്ഥാന കോൺഗ്രസിൽ പ്രതിസന്ധി രൂപപെട്ടത്. സുധീരന്‍റെ നിലപാടിനെതിരെ ശക്തമായി നിലകൊണ്ട മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാർക്കും എം.എൽ.എമാർക്കും സീറ്റ് നൽകില്ലെങ്കിൽ താനും മത്സരിക്കില്ലെന്ന് കോൺഗ്രസ് ഹൈകമാൻഡിനെ അറിയിച്ചു. തുടർന്ന് ഏഴ് ദിവസത്തോളം പ്രശ്നപരിഹാര ചർച്ചകൾ ഡൽഹി കേന്ദ്രീകരിച്ച് നടന്നു.

അവസാനം മുഖ്യമന്ത്രിയുടെ ശക്തമായ സമ്മർദത്തെ തുടർന്ന് മന്ത്രിമാരായ കെ.സി ജോസഫ്, കെ. ബാബു, അടൂർ പ്രകാശ് എന്നിവർക്കും ബെന്നി ബെഹനാനും ഡൊമിനിക് പ്രസന്‍റേഷനും ഹൈകമാൻഡ് സീറ്റ് നൽകുകയായിരുന്നു. പിന്നീട് സുധീരനെ തൃപ്തിപ്പെടുത്താനും ഉമ്മൻചാണ്ടിക്ക് മുന്നറിയിപ്പ് നൽകാനും വേണ്ടി ബെന്നിയെ മാറ്റി തൃക്കാക്കരയിൽ പി.ടി തോമസിനെ കോൺഗ്രസ് ഹൈകമാൻഡ് സ്ഥാനാർഥിയാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.