വെടിക്കെട്ട് നടത്തിയത് കലക്ടറുടെ നിരോധം മറികടന്ന്

കൊല്ലം: കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നില്ലെന്ന് റിപ്പോർട്ട്. ഇക്കാര്യം ജില്ലാ ഭരണകൂടത്തിന്‍റെ രേഖകൾ ചൂണ്ടിക്കാട്ടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ ഒമ്പതാം തീയതിയാണ് പുറ്റിങ്ങൽ ദേവീ ക്ഷേത്രം ദേവസ്വം മാനേജിങ് കമ്മിറ്റി വെടിക്കെട്ടിനും മത്സര വെടിക്കെട്ടിനും അനുമതി തേടി ജില്ലാ കലക്ടർക്ക് അപേക്ഷ സമർപ്പിച്ചത്. തുടർന്ന് റവന്യൂ, പൊലീസ് വകുപ്പുകളോട് അന്വേഷണം നടത്താൻ കലക്ടർ ഉത്തരവിട്ടു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കലക്ടർ അനുമതി നിഷേധിച്ചത്.

വെടിക്കെട്ടിന് അനുമതി നിഷേധിച്ച കലക്ടറുടെ ഉത്തരവ്

ഏപ്രിൽ ഒമ്പതാം തീയതി നൽകിയ അപേക്ഷ പ്രകാരം ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വെടിക്കെട്ടല്ല, പകരം ക്ഷേത്രത്തിൽ മത്സര കമ്പമാണ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ അപേക്ഷ നിരസരിച്ച് ഇതിനാൽ ഉത്തരവാകുന്നു. ഈ നിരോധ ഉത്തരവ് ലംഘിക്കുന്ന പക്ഷം നിയമലംഘനം നടത്തുന്നവർക്കെതിരെ 2008ലെ സ്ഫോടക നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.

വെടിക്കെട്ട് അനുമതി നൽകാൻ സാധിക്കാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി രണ്ടു പേജ് വരുന്ന റിപ്പോർട്ടും ജില്ലാ ഭരണകൂടം തയാറാക്കിയിരുന്നു. വർഷങ്ങളായി പരവൂർ ക്ഷേത്രത്തിൽ നടത്തിയിരുന്ന മത്സര വെടിക്കെട്ടിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. എന്നാൽ, ക്ഷേത്രാചാരമായതിനാൽ വെടിക്കെട്ട് നടത്തേണ്ടതാണെന്ന കർശന നിലപാടാണ് ദേവസ്വം അധികൃതർ സ്വീകരിച്ചത്.

ഇത്തവണ കൊല്ലം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് വെടിക്കെട്ടിനായി നിരവധി അപേക്ഷകൾ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നു. എന്നാൽ, ദുരന്തത്തിന് വഴിവെക്കുമെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കലക്ടർ അനുമതി നിഷേധിക്കുകയായിരുന്നു.

 

 


 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.