ഹയര്‍സെക്കന്‍ഡറി തസ്തിക സൃഷ്ടിക്കല്‍ ഉത്തരവ് ‘തത്ത്വത്തില്‍’ ഒതുങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് 2014ല്‍ ആരംഭിച്ച സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപക, ലാബ് അസിസ്റ്റന്‍റ് തസ്തികകള്‍ സൃഷ്ടിക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ച് ഉത്തരവിറങ്ങി. തസ്തികകളുടെ എണ്ണം തിരിച്ചുള്ള ഉത്തരവിറക്കുന്നതിന് പകരമാണ് തത്ത്വത്തില്‍ തീരുമാനിച്ച് ഉത്തരവിറക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം നേരത്തേ തീരുമാനിച്ചിരുന്നു.

ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ സമര്‍പ്പിച്ച ശിപാര്‍ശയില്‍ പോരായ്മകള്‍ ഉണ്ടെന്ന പേരിലാണ് തത്ത്വത്തിലുള്ള തീരുമാനം വന്നത്. പോരായ്മ പരിഹരിച്ചുള്ള ശിപാര്‍ശ ഏപ്രില്‍ 30നകം ഡയറക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിക്കണമെന്നും അടുത്ത അധ്യയനവര്‍ഷം പ്രാബല്യത്തില്‍ വരുന്നവിധം തസ്തികകളുടെ എണ്ണം രേഖപ്പെടുത്തിയുള്ള ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശയില്‍ പറയുന്ന സ്കൂളുകളില്‍ ചട്ടപ്രകാരമുള്ള ഭൗതിക സൗകര്യങ്ങള്‍ ഉണ്ടെന്നും ഓരോ ബാച്ചിലും മതിയായ എണ്ണം കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമായിരുന്നു.

ഓരോ സ്കൂളിലും ഓരോ വിഷയത്തിലും പീരിയഡ് അടിസ്ഥാനത്തിലുള്ള ജോലിഭാരം, അംഗീകൃത തസ്തികകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ശിപാര്‍ശയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. തസ്തിക സൃഷ്ടിക്കല്‍ വളരെ ശ്രദ്ധാപൂര്‍വം നിര്‍വഹിക്കേണ്ടതാണെന്നും സൂക്ഷ്മ പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഓരോ സ്കൂളിലും വേണ്ട തസ്തികകളുടെ അര്‍ഹത നിര്‍ണയിക്കാനും കഴിയുകയുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു. ഡയറക്ടറുടെ ശിപാര്‍ശയുടെ അന്തസ്സത്ത ബോധ്യപ്പെട്ടുകൊണ്ട് 2014, 2015 വര്‍ഷങ്ങളില്‍ അനുവദിച്ച ഹയര്‍സെക്കന്‍ഡറികളിലേക്ക് അധ്യാപക-ലാബ് അസിസ്റ്റന്‍റ് തസ്തികകള്‍ സൃഷ്ടിക്കാന്‍ തത്ത്വത്തില്‍ തീരുമാനിക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍, തസ്തികകളും ജോലി ഭാരവും ഉള്‍പ്പെടെ വിശദമായ ശിപാര്‍ശയാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് സമര്‍പ്പിച്ചതെന്ന് ഡയറക്ടറുടെ ചുമതലയുള്ള ഡോ.പി.എ. സാജുദ്ദീന്‍ പറഞ്ഞു. ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ വിശദമായ ശിപാര്‍ശ വീണ്ടും സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

67 പുതിയ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറികളില്‍ 245 സീനിയര്‍, 345 ജൂനിയര്‍ അധ്യാപക തസ്തികകളും 50 ലാബ് അസിസ്റ്റന്‍റ് തസ്തികയും സൃഷ്ടിക്കാനായിരുന്നു ശിപാര്‍ശ. പുതിയ 166 എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ 856 സീനിയര്‍, 972 ജൂനിയര്‍ അധ്യാപക തസ്തികകളും 216 ലാബ് അസിസ്റ്റന്‍റ് തസ്തികകളും സൃഷ്ടിക്കാനും ശിപാര്‍ശ നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.