നൈതലക്കാവ് ഭഗവതി തെക്കേഗോപുരം തുറന്നു; പൂരത്തിന് ആവേശതുടക്കം

തൃശൂര്‍: ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍െറ പുറത്തേറി കുറ്റൂര്‍ നൈതലക്കാവ് ഭഗവതി തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്‍െറ തെക്കേഗോപുര വാതില്‍ തുറന്നതോടെ തൃശൂര്‍ പൂരക്കാഴ്ചകളിലേക്ക് മിഴി തുറന്നു. ഞായറാഴ്ച നടക്കുന്ന പൂരത്തിന് ആദ്യം എത്തുന്ന കണിമംഗലം ശാസ്താവ് ഉള്‍പ്പെടെയുള്ള ദേവതകള്‍ നൈതലക്കാവ് ഭഗവതി തുറന്നിട്ട തെക്കേഗോപുരം വഴിയാണ് തെക്കോട്ടിറങ്ങുക. ഈ തെക്കേഗോപുരത്തിന്‍െറ ചരിവിലാണ് നാളെ വൈകുന്നേരം പ്രസിദ്ധമായ കുടമാറ്റം നടക്കുന്നത്.

നൈതലക്കാവ് ഭഗവതി ഇന്നു രാവിലെ 8.45ഓടെയാണ് ക്ഷേത്രത്തില്‍നിന്ന് വടക്കുന്നാഥനിലേക്ക് പുറപ്പെട്ടത്. 11.35ന് തെക്കേഗോപുര വാതില്‍ തുറക്കുന്നത് കാണാന്‍ നൂറുകണക്കിന് പൂരപ്രേമികള്‍ കനത്ത ചൂടിലും കാത്തുനിന്നു. വടക്കുന്നാഥ ക്ഷേത്രത്തിന്‍െറ തെക്കേഗോപുര വാതില്‍ പൂരത്തിനും ശിവരാത്രിക്കും മാത്രമാണ് തുറക്കുന്നത്.

തൃശൂർ പൂരത്തോടനുബന്ധിച്ച് നടക്കുന്ന ചമയ പ്രദർശനം (ജോൺസൺ വി. ചിറയത്ത്)
 

നാളെ രാവിലെ കണിമംഗലം ശാസ്താവിനു പിന്നാലെ മറ്റ് പൂരങ്ങള്‍ ഓരോന്നായി വടക്കുന്നാഥനിലെത്തും. തിരുവമ്പാടിയുടെ പൂര പ്രയാണത്തിനിടക്കാണ് പഞ്ചവാദ്യത്തിന് പ്രസിദ്ധമായ മഠത്തില്‍വരവ് അരങ്ങേറുക. പകല്‍ 11ഓടെ മഠത്തില്‍വരവ് പഞ്ചവാദ്യം തുടങ്ങും. പാറമേക്കാവിന്‍െറ പൂരം പുറപ്പെട്ട് വടക്കുന്നാഥന്‍െറ മതിലകത്തത്തെുമ്പോള്‍ രണ്ടര മണിക്കൂറോളം നീളുന്ന, ലോകത്തില്‍ ഏറ്റവും വലിയ സിംഫണിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇലഞ്ഞിത്തറ മേളമാണ്. ഉച്ചക്ക് രണ്ടിനാണ് ഇലഞ്ഞിത്തറയില്‍ പാണ്ടിമേളം തുടങ്ങുന്നത്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ പതിനഞ്ച് ആനകളോടെ തെക്കേഗോപുരം വഴി പുറത്തേക്ക് എഴുന്നെള്ളി മുഖാമുഖം അണിനിരക്കുമ്പോള്‍ കുടമാറ്റമാവും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ട്. ഉച്ചക്ക് 12.30ന് ഭഗവതിമാര്‍ ഉപചാരം ചൊല്ലുന്നതോടെ പൂരക്കാഴ്ചകള്‍ അവസാനിക്കും.

പരവൂര്‍ വെടിക്കെട്ട് അപകടത്തിന്‍െറ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ വലയത്തിലാണ് ഇത്തവണ പൂരം നടക്കുന്നത്. ആനകള്‍ക്കും ചട്ടങ്ങള്‍ അനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.

തൃശൂർ പൂരത്തോടനുബന്ധിച്ച് നടക്കുന്ന ചമയ പ്രദർശനം (ജോൺസൺ വി. ചിറയത്ത്)
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.