കട്ടപ്പന: കട്ടപ്പനയിലെ വ്യാപാരി സാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോഓപറേറ്റിവ് സൊസൈറ്റിയിലെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവരെയാണ് ചൊവ്വാഴ്ച ചേർന്ന ഭരണസമിതി സസ്പെന്‍ഡ് ചെയ്തത്.
കട്ടപ്പന പള്ളിക്കവലയിൽ വെറേറ്റി ലേഡീസ് സെന്റർ നടത്തിയിരുന്ന മുളങ്ങാശേരിൽ സാബുവാണ് (56) നിക്ഷേപം തിരിച്ച് കിട്ടാത്തതിന്റെ മനോവിഷമത്തിൽ സി.പി.എം ഭരിക്കുന്ന കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോഓപറേറ്റിവ് സൊസൈറ്റി ഓഫിസിന് മുന്നിൽ ജീവനൊടുക്കിയത്. സൊസൈറ്റി ജീവനക്കാരായ മൂന്നുപേരാണ് തന്റെ ആത്മഹത്യക്ക് പിന്നിലെന്ന് എഴുതിയ സാബുവിന്റെ ആത്മഹത്യക്കുറിപ്പ് മരണ ദിവസംതന്നെ കണ്ടെടുത്തിരുന്നു. അതിൽ പേരെടുത്തു പറഞ്ഞിരുന്ന മൂന്നു പേർക്കെതിരെയാണ് ഭരണസമിതി നടപടിയെടുത്തത്.
കട്ടപ്പന റൂറൽ കോഓപറേറ്റിവ് സൊസൈറ്റിയിൽ നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ട് വ്യാഴാഴ്ച സാബു എത്തിയിരുന്നു. എന്നാൽ, പണം തിരികെ നൽകാൻ സെക്രട്ടറി തയാറായില്ലെന്നാണ് പരാതി. ഭാര്യയുടെ ചികിത്സ ആവശ്യത്തിനാണ് പണം തിരികെ ആവശ്യപ്പെട്ടത്. പണം തിരികെനൽകാൻ സൊസൈറ്റി അധികൃതർ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ സാബുവും സൊസൈറ്റി ജീവനക്കാരുമായി വാക്തർക്കം ഉണ്ടാകുകയും ജീവനക്കാർ സാബുവിനെ ബലമായി പുറത്താക്കുകയും ചെയ്തെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.