തൃശൂര്‍: ഇരമ്പിയാര്‍ക്കുന്ന മനുഷ്യസാഗരവും ചിലമ്പിയും കലമ്പിയുമുയരുന്ന വാദ്യസംഗീതവും സ്വര്‍ണത്തലേക്കെട്ടുമായി നിരന്നുനിന്ന കരിവീരന്മാരും ചേര്‍ന്ന് തൃശൂര്‍ പൂരം കത്തിക്കാളുന്ന മേടച്ചൂടിലും കുളിര്‍കാഴ്ചയായി.
മഞ്ഞുമാറി വെയില്‍ പരക്കും മുമ്പ് പുറപ്പെട്ട കണിമംഗലം ശാസ്താവും വെയില്‍ കൗമാരയൗവ്വനങ്ങളിലൂടെ കടന്ന്പോകുമ്പോള്‍ എട്ട് ദേശങ്ങളില്‍നിന്നും പുറപ്പെടുന്ന മറ്റ് ദേവതകളുടെ എഴുന്നള്ളിപ്പുകളും മധ്യാഹ്നഘട്ടത്തിലത്തെുമ്പോഴേക്ക് വടക്കുന്നാഥന്‍െറ തട്ടകത്തിലത്തെി. ഓരോ എഴുന്നള്ളിപ്പിനുമൊപ്പം അനുഗതരാകുന്ന തട്ടകവാസികളുടെ കൂട്ടങ്ങള്‍, ആമോദത്തിമിര്‍പ്പുകള്‍, ഉന്മാദികളാക്കുന്ന വാദ്യഘോഷങ്ങള്‍ സൃഷ്ടിക്കുന്ന ലഹരി, അത് മനസ്സില്‍ നിറഞ്ഞ് തുളുമ്പി ഞരമ്പുകളിലാവാഹിച്ച് വിരല്‍ത്തുമ്പിലൂടെ അന്തരീക്ഷത്തില്‍ ലയിച്ച് തീരുമ്പോള്‍ പൂരം ദേവതകള്‍ക്കെല്ലാമപ്പുറത്ത് മനുഷ്യന്‍െറ ഉത്സവമായി മാറി.
ഓരോരോ തുരുത്തുകളില്‍നിന്ന് പുലരി മുതല്‍ നഗരത്തിലേക്ക് ഒഴുകിയത്തെിയ ആസ്വാദകര്‍ പൂരം പൊടിപൂരമാക്കി. ഒരിടത്തും ഉറയ്ക്കാതെ, കാഴ്ചകളില്‍നിന്ന് കാഴ്ചകളിലേക്ക് തെന്നിനീങ്ങിയ പതിനായിരങ്ങള്‍ സന്ധ്യയോടെ തേക്കിന്‍കാട് മൈതാനത്തിന്‍െറ തെക്കേഗോപുരച്ചെരുവില്‍ ഒത്തുകൂടി. വര്‍ണ നൂലുകളാല്‍ നെയ്ത കുടകളോരോന്ന് വാനിലേക്കുയര്‍ന്നപ്പോള്‍ പരസഹസ്രം കണ്ഠങ്ങളില്‍നിന്നുയര്‍ന്ന സീല്‍ക്കാരം ഒരു നാടിന്‍െറ, ജനതയുടെ ഉന്മാദനിര്‍വൃതിയായി. പുകള്‍പെറ്റ പൂരം ഒരു തവണ കൂടി ലോകത്തിന് ഹൃദ്യമായ കാഴ്ചയായപ്പോള്‍ അത് പൂര്‍ണമാക്കിയതിന്‍െറ അവകാശികള്‍ ആസ്വാദകരായത്തെിയ ജനസഹസ്രങ്ങള്‍.
വടക്കുന്നാഥനെ ലക്ഷ്യമിട്ട് പുലരി മുതല്‍ പുറപ്പെട്ട പത്ത് പൂരങ്ങള്‍ ആനകളും മേളവുമായി നാടുണര്‍ത്തിയാണ് നഗരത്തിലത്തെിയത്. ഉച്ചക്ക് അവസാനത്തെ പൂരവും എത്തുമ്പോള്‍ തേക്കിന്‍കാട് മൈതാനം പൂരത്തിന് കീഴടങ്ങിയിരുന്നു. നഗര മധ്യത്തിലെ ഈ മൈതാനത്തില്‍ ഓരോ ഇഞ്ച് മണ്ണും പൂരം കാണാനത്തെിയവരുടെ കാല്‍പാടുകളാല്‍ പുളകമണിഞ്ഞു. നഗരത്തിന്‍െറ സിരകളെന്ന പോലെ പല ദിക്കുകളിലേക്ക് നീങ്ങുന്ന പാതകള്‍ മനുഷ്യനദിയായി.
സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത തിരക്കായിരുന്നു, ഇത്തവണ പൂരത്തിന്. ശനിയാഴ്ച തെക്കേഗോപുര വാതില്‍ തുറക്കുന്നത് കാണാന്‍ ആവേശത്തോടെ എത്തിയവര്‍ അതിന്‍െറ സൂചകമായിരുന്നുവെന്ന് പൂരം നാളില്‍ തെളിഞ്ഞു. തിരുവമ്പാടിയുടെ പൂരം പുറപ്പെടുന്നിടത്തും പ്രയാണത്തിലും പാറമേക്കാവിന്‍െറ പുറത്തേക്ക് എഴുന്നള്ളത്തിലും ഇലഞ്ഞിത്തറയിലേക്കുള്ള നീക്കത്തിലും ജനം ഒപ്പം കൂടി. മഠത്തിനു മുന്നില്‍ പഞ്ചവാദ്യം കാണാനും ഇലഞ്ഞിത്തറയില്‍ പാണ്ടിമേളം ആസ്വദിക്കാനും നദി പോലെ ജനമൊഴുകി. ശനിയാഴ്ച രാത്രി കുളിച്ചൊരുങ്ങിയ ആനകളെക്കാണാന്‍ കാണിച്ച ഉത്സാഹത്തിന്‍െറ പല മടങ്ങായിരുന്നു, കുടമാറ്റത്തിന് ചമയമിട്ടുനിന്ന ആനച്ചന്തം കാണാന്‍. വര്‍ണ്ണക്കുടകള്‍ മാറിമാറിയുയരുന്നത് ആര്‍പ്പു വിളിച്ച് അവര്‍ ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.