തൃശൂര്‍: പരവൂര്‍ വടിക്കെട്ട് ദുരന്തം അശ്രദ്ധമായി കൈകാര്യം ചെയ്തതിന്‍െറ പേരില്‍ പഴി കേട്ടുകൊണ്ടിരിക്കുന്ന പൊലീസ് തൃശൂര്‍ പൂരത്തിന് വിജയകരമായ സുരക്ഷ ഒരുക്കി നൂറില്‍ നൂറ് മാര്‍ക്കും നേടി. ആക്ഷേപിക്കാന്‍ ഇടമില്ലാത്ത വിധം പൂരം ഗംഭീരമാക്കിയതില്‍ വലിയ പങ്ക് പൊലീസിന്‍േറതായിരുന്നു. സംസ്ഥാന ദുരന്തനിവാരണ സേനയെയും ബി.എസ്.എഫ് സ്പെഷല്‍ ടീമിനെയും ഉള്‍പ്പെടുത്തി സംസ്ഥാന പൊലീസ് ഒരുക്കിയ സുരക്ഷയില്‍ പൂരവും പൂരനഗരവും ഭദ്രമായിരുന്നു.
തികഞ്ഞ മനസ്സാന്നിധ്യത്തോടെയും ക്ഷമയോടെയുമാണ് പൊലീസ് സേന പൂരനഗരിയില്‍ നിലകൊണ്ടത്. വെടിക്കെട്ട് അടക്കമുള്ള വേളകളില്‍ ആവേശഭരിതരായ ജനക്കൂട്ടം തിക്കിത്തിരക്കിയപ്പോള്‍ സംയമനത്തോടെ കൈകാര്യം ചെയ്തു. മദ്യപിച്ച് സംഘബലവുമായി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചവരെപ്പോലും പൊലീസ് സമീപിച്ചത് മാതൃകാപരമായ മാന്യതയോടെയാണ്. പൂരത്തിന്‍െറ സുരക്ഷാ ചുമതല കൈകളിലേല്‍പിച്ച് പൊലീസിനെ ഇറക്കിവിട്ടപ്പോള്‍ പ്രതീക്ഷിച്ച മികവോടെ സേവനമനുഷ്ഠിച്ച പൊലീസ് സേനയെ സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. സൈമണ്‍ അഭിനന്ദിച്ചു.
ക്രമസമാധാന പാലനത്തിന് 2,500 സിവില്‍ പൊലീസ് ഉദ്യോഗസ്ഥരും 250 എസ്.ഐമാരും 54 സി.ഐമാരും 25 ഡിവൈ.എസ്.പിമാരും 150 വനിതാ ഉദ്യോഗസ്ഥരുമടക്കമാണ് നഗരത്തില്‍ ഉണ്ടായിരുന്നത്.
ഐ.ജി എം.ആര്‍. അജിത്കുമാറിന്‍െറ മേല്‍നോട്ടത്തില്‍ സിറ്റി പൊലീസ് മേധാവി കെ.ജി. സൈമണാണ് സുരക്ഷാ ചുമതല നിര്‍വഹിച്ചത്. ട്രാഫിക് നിയന്ത്രണത്തിന് 250ഓളം പൊലീസുകാരെ അധികം വിന്യസിച്ചിരുന്നു. വിവിധയിടങ്ങളില്‍ നിയോഗിച്ച പൊലീസുകാര്‍ക്ക് പുറമേ മഠത്തില്‍ വരവ്, പാറമേക്കാവിന്‍െറ പൂരം പുറപ്പാട്, ഇലഞ്ഞിത്തറ മേളം, കുടമാറ്റം നടന്ന തെക്കേച്ചരുവ് എന്നിവിടങ്ങളില്‍ ഷാഡോ പൊലീസ് അടക്കമുള്ളവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
40 സി.സി.ടി.വി കാമറകളും ഷാഡോ പൊലീസും ബോംബ് സ്ക്വാഡും പൂരനഗരിയുടെ വിവിധ മേഖലകളില്‍ സജ്ജമായിരുന്നു. കനത്ത ചൂട് പരിഗണിച്ച് തേക്കിന്‍കാടിലും സ്വരാജ് റൗണ്ടിലും എമര്‍ജന്‍സി എക്സിറ്റ് സൗകര്യവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.