പോളിയോക്കെതിരെ ഇരട്ട പ്രതിരോധം: ഐ.പി.വി കുത്തിവെപ്പ് ഇന്നുമുതല്‍

തിരുവനന്തപുരം: പോളിയോക്കെതിരെ ഇരട്ട പ്രതിരോധം ഉറപ്പാക്കുന്ന നിര്‍ജീവ പോളിയോ വൈറസ് പ്രതിരോധ കുത്തിവെപ്പ് (ഐ.പി.വി) കുട്ടികള്‍ക്ക് തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങും. ഒപ്പം ഇപ്പോള്‍ നല്‍കിവരുന്ന ട്രൈവാലന്‍റ് പോളിയോ തുള്ളിമരുന്നിന് പകരം ബൈവാലന്‍റ് തുള്ളിമരുന്നും തിങ്കളാഴ്ച മുതല്‍ നല്‍കും. ട്രൈവാലന്‍റ് പോളിയോ തുള്ളിമരുന്ന് ആശുപത്രികളില്‍നിന്ന് പിന്‍വലിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. 
ഏപ്രില്‍ മുതല്‍ ഇതരസംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും പുതിയ മരുന്ന് നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. അതിന്‍െറ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച മുതല്‍ തീരുമാനം നടപ്പാക്കുന്നത്. സാധാരണയായി നല്‍കിവരുന്നപ്രതിരോധ കുത്തിവെപ്പുകളുടെ കൂടെയാവും ബൈവാലന്‍റും ഐ.പി.വിയും നല്‍കുക. ടൈപ് ഒന്ന്, രണ്ട് , മൂന്ന് എന്നിങ്ങനെയാണ്് പോളിയോ അവസ്ഥകളുള്ളത്. ടൈപ് രണ്ട് നിര്‍മാര്‍ജനം ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് ട്രൈവാലന്‍റ് തുള്ളിമരുന്ന് ഒഴിവാക്കുന്നത്. എന്നാല്‍, ഒന്നും മൂന്നും ആണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഈ സാഹചര്യത്തിലാണ് ട്രൈവാലന്‍റ് ഒഴിവാക്കി പകരം ബൈവാലന്‍റ് തുള്ളിമരുന്ന് നല്‍കാന്‍ തീരുമാനിച്ചതെന്ന്് ആരോഗ്യ ഡയറക്ടര്‍ ഡോ. ആര്‍. രമേശ് പറഞ്ഞു. 
ലോകാരോഗ്യ സംഘടന 2014 മാര്‍ച്ച് 27ന് ഇന്ത്യ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചെുങ്കിലും കേരളത്തില്‍  ഇപ്പോഴും പോളിയോ രോഗപ്രതിരോധത്തിന് തുള്ളിമരുന്ന് നല്‍കുന്നുണ്ട്്. അയല്‍ രാജ്യങ്ങളായ പാകിസ്താന്‍, അഫ്ഗാനിസ്താന്‍ ഉള്‍പ്പെടെ പലയിടത്തും പോളിയോ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നതാണ് കാരണം. പോളിയോ പകരുന്ന രോഗമായതിനാലും അത് കുഞ്ഞുങ്ങളില്‍ ഉണ്ടാക്കുന്ന ഫലം മാരകമായതിനാലുമാണ് പോളിയോ നിര്‍മാര്‍ജന പദ്ധതി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഡോ. രമേശ് അറിയിച്ചു.  നിര്‍ജീവ പോളിയോ വൈറസ് പ്രതിരോധകുത്തിവെപ്പും (ഐ.പി.വി )സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് സൗജന്യമായി ലഭ്യമാകും. ഈ പ്രതിരോധ കുത്തിവെപ്പില്‍ അവശേഷിക്കുന്ന രണ്ടുതരം വൈറസുകളുടെയും ജീവനില്ലാത്ത സൂക്ഷ്മാണുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം നിര്‍ജീവമായ വൈറസുകള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ പോളിയോ രോഗത്തിനെതിരെ ആന്‍റിബോഡികള്‍ ഉല്‍പാദിപ്പിക്കുകയും ആജീവനാന്ത രോഗപ്രതിരോധ ശക്തി സംജാതമാകുകയും ചെയ്യും. അങ്ങനെ പോളിയോരോഗത്തെ പൂര്‍ണമായും തടയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 
 കുഞ്ഞ് ജനിച്ച് ആറാമത്തെയും 14ാമത്തെയും ആഴ്ചകളില്‍ ഓരോ കുത്തിവെപ്പാണ് എടുക്കേണ്ടത്. വളരെ ചെറിയ അളവില്‍ (0.1 എം.എല്‍) തൊലിക്കുള്ളിലാണ് നിര്‍ജീവപോളിയോ വൈറസ് പ്രതിരോധ കുത്തിവെപ്പ് എടുക്കുക. പരിചയ സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഇതിനായി സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ട്. സാധാരണയായി നല്‍കിവരുന്ന എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കുഞ്ഞിന് നല്‍കുന്നതിനോടൊപ്പം അധികമായി ഇതുകൂടി എടുക്കണമെന്ന് മാത്രം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT