മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് അതിക്രമം: മൊഴിയെടുത്തു

കോഴിക്കോട്: ജില്ലാ കോടതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരെ ടൗണ്‍ എസ്.ഐ പി.എം. വിമോദ് കൈയേറ്റംചെയ്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെയും ടൗണ്‍ എസ്.ഐയുടെയും മൊഴിയെടുത്തു. ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ബിനുരാജ്, കാമറമാന്‍ അഭിലാഷ്, ഡ്രൈവര്‍ പ്രകാശ്, മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ജയേഷ് എന്നിവരില്‍നിന്നാണ് സി.ഐ പി. പ്രമോദ് മൊഴിയെടുത്തത്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍വെച്ചാണ് മൊഴിയെടുത്തത്. സംഭവം നടക്കുമ്പോള്‍ ടൗണ്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരില്‍നിന്നും മൊഴിയെടുത്തിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി  എസ്.ഐക്കെതിരെ കേസെടുത്തിരുന്നു.  ഇന്ത്യന്‍ ശിക്ഷാനിയമം 323 (മനപൂര്‍വം ദേഹോപദ്രവമേല്‍പിക്കല്‍), 341 (അന്യായമായി പൂട്ടിയിടല്‍) എന്നീ ദുര്‍ബലവകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. എളുപ്പത്തില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിത്. അന്വേഷണവിധേയമായി എസ്.ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുള്ള ആക്രമണത്തെ അദ്ദേഹം അപലപിച്ചു.

ശനിയാഴ്ച പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ ബിനുരാജിനെയും സഹപ്രവര്‍ത്തകരെയും ബേബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ ഞായറാഴ്ച രാത്രി ആശുപത്രി വിട്ടു. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണതിനത്തെുടര്‍ന്ന് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ച ജയേഷ് ശനിയാഴ്ച രാത്രിതന്നെ ആശുപത്രി വിട്ടിരുന്നു.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.