ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയും കൗണ്‍സിലും കോഴിക്കോട്ട്

കോഴിക്കോട്: ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയും കൗണ്‍സിലും സെപ്റ്റംബര്‍ 23 മുതല്‍ 25 വരെ കോഴിക്കോട്ട് നടത്താന്‍ തകൃതിയായ ഒരുക്കങ്ങള്‍. 24ന് കോഴിക്കോട് കടപ്പുറത്തു ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലിയും സംഘടിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, ബി.ജെ.പി മുഖ്യമന്ത്രിമാര്‍, എം.പിമാര്‍ തുടങ്ങി വി.വി.ഐ.പികള്‍ സമ്മേളനത്തിനത്തെും. ഫലത്തില്‍ കേന്ദ്രമന്ത്രിസഭ പൂര്‍ണമായി മൂന്നുദിവസം കോഴിക്കോട്ടുണ്ടാകും.

കോഴിക്കോട് പോലുള്ള ചെറുനഗരത്തിനു താങ്ങാനാകാത്ത വി.ഐ.പി പ്രവാഹമാണ് വരാന്‍പോകുന്നത്. ജില്ലയിലെ മിക്ക ഹോട്ടല്‍മുറികളും ഇതിനകം ബുക്ക് ചെയ്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗം കടവ് റിസോര്‍ട്ടില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ദേശീയ കൗണ്‍സില്‍ യോഗം സ്വപ്ന നഗരിയിലെ വിശാലമായ പന്തലിലായിരിക്കും. ദേശീയ പ്രസിഡന്‍റ് മുതല്‍ ജില്ലാ പ്രസിഡന്‍റുമാര്‍ വരെയുള്ള നേതാക്കളെ പങ്കെടുപ്പിച്ച് വിശാലമായ ദേശീയ  കൗണ്‍സില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോള്‍ 5000 പേരെങ്കിലും ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി  പരിപാടിയുടെ രൂപരേഖ  പാര്‍ട്ടി ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ച് അനുമതിക്ക് കാത്തിരിക്കുകയാണ്. 1968ല്‍ ജനസംഘത്തിന്‍െറ ദേശീയ സമ്മേളനം കോഴിക്കോട്ടു നടന്നശേഷം ദേശീയ പരിപാടി ഇതാദ്യമാണ്. അന്നത്തെ സമ്മേളനത്തിലാണ് ദീനദയാല്‍ ഉപാധ്യായയെ ജനസംഘം അധ്യക്ഷനായി തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്‍െറ ജന്മശതാബ്ദി വര്‍ഷത്തിലാണ് വീണ്ടും ദേശീയ സമ്മേളനം കോഴിക്കോട്ടു ചേരുന്നതെന്ന പ്രത്യേകതയുണ്ട്. ജന്മശതാബ്ദി ആഘോഷ  ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി അടക്കം മുതിര്‍ന്ന  നേതാക്കള്‍ ദേശീയ സമ്മേളനത്തിന് എത്തുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. 20 എം.പിമാര്‍ മാത്രമുള്ള ചെറിയ സംസ്ഥാനമാണെങ്കിലും കേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തി  മുന്നോട്ടുപോകാനാണ് അമിത് ഷായുടെ നിര്‍ദേശം. അതിന് അരങ്ങൊരുക്കാന്‍  കൂടിയാണ് അസൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും ദേശീയസമ്മേളനം കോഴിക്കോട്ടു നടത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.