ജി.എസ്.ടി ഭേദഗതിയിൽ എതിർപ്പ്; തോമസ് ഐസക് കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: ജി.എസ്.ടി ബില്ലിലെ ഭേദഗതിയില്‍ എതിര്‍പ്പുയര്‍ത്തി കേരളവും പശ്ചിമബംഗാളും. ധനമന്ത്രിമാരുമായി നടത്തിയ യോഗത്തില്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമായ വ്യവസ്ഥകളാണ് ഭേദഗതി വഴി ഉള്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് കേരള ധനമന്ത്രി തോമസ് ഐസക്ക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചു. ബംഗാള്‍ ധനമന്ത്രി അമിത് മിശ്രയും ഇതേ ആവശ്യമുന്നയിച്ച് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്.

അന്തര്‍സംസ്ഥാന നികുതി വീതംവെപ്പ് സംബന്ധിച്ച കൊൽക്കത്തയിൽ നടന്ന ധനമന്ത്രിമാരുടെ യോഗത്തിലെ ധാരണ പാലിക്കാത്തതിലാണ് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ എതിര്‍പ്പ് അറിയിച്ചതെന്ന് തോമസ് ഐസക്ക് വിശദീകരിച്ചു. ജി.എസ്.ടിയെ പൂര്‍ണമായി എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ നികുതി വരുമാനം തുല്യമായി പങ്കുവെക്കാമെന്ന ഉറപ്പ് കേന്ദ്രം ലംഘിച്ചെന്നുമാണ് ധനമന്ത്രിയുടെ ആരോപണം. ഇന്‍പുട്ട് ടാക്‌സും റീഫണ്ട് ക്ലെയിമുമായി ലഭിക്കുന്ന തുകയും പങ്കുവെക്കണമെന്നായിരുന്നു സംസ്ഥാന ധനമന്ത്രിമാരുടെ ആവശ്യം. എന്നാല്‍ ബില്ലില്‍ വരുത്തിയ ഭേദഗതിയില്‍ ഇത് ഒഴിവാക്കിയെന്നാണ് ഐസക് ഉന്നയിച്ചിരിക്കുന്നത്.

ജി.എസ്.ടി നടപ്പിലാക്കുമ്പോള്‍ നികുതി പരിധി കുറക്കണമെന്ന കേന്ദ്രനിലപാടും അംഗീകരിക്കാനാകില്ലെന്ന് കത്തില്‍ പറയുന്നു. 22 ശതമാനമെങ്കിലുമായി നികുതി നിശ്ചയിക്കണം. തീരുമാനം മറിച്ചായാല്‍ അത് വിഭവസമാഹരണത്തെ ബാധിക്കും. സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണിതെന്നും ഐസക് കത്തിൽ ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.