നെഹ്റു ട്രോഫി: കാരിച്ചാല്‍ ജലരാജാവ്

ആലപ്പുഴ: 64ാമത് നെഹ്റു ട്രോഫി ജലമേളയില്‍ കാരിച്ചാല്‍ ജേതാവ്. ആവേശം വാനോളമുയര്‍ന്ന ഫൈനല്‍ മത്സരത്തില്‍ കുമരകം വേമ്പനാട് ബോട്ട് ക്ളബ് തുഴഞ്ഞ കാരിച്ചാല്‍ 10 സെക്കന്‍ഡിന്‍െറ വ്യത്യാസത്തില്‍ കൈനകരി യു.ബി.സി യുടെ ഗബ്രിയേല്‍ ചുണ്ടനെ പിന്തള്ളിയാണ് വെള്ളിക്കപ്പില്‍ മുത്തമിട്ടത്.
4 മിനിറ്റ് 22.10 സെക്കന്‍ഡിനാണ് കാരിച്ചാല്‍ 1,175 മീറ്റര്‍ ദൂരം പിന്നിട്ടത്. രണ്ടാമതത്തെിയ ഗബ്രിയേല്‍ ചുണ്ടന്‍ 4 മിനിറ്റ് 32.10 സെക്കന്‍ഡുമെടുത്തു. ജെയിംസ്കുട്ടി ജേക്കബാണ് കാരിച്ചാലിനെ നയിച്ചത്. ഫൈനലില്‍ എടത്വ വില്ളേജ് ബോട്ട് ക്ളബിന്‍െറ നടുഭാഗം മൂന്നാമതത്തെി. ഹീറ്റ്സിലെ ഒന്നാം സ്ഥാനക്കാര്‍ ഫൈനലില്‍ എത്തുന്ന രീതി മാറ്റി പ്രാഥമിക മത്സരത്തിലെ സമയത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇത്തവണ ഫൈനലിസ്റ്റുകളെ തീരുമാനിച്ചത്. കഴിഞ്ഞതവണ ജവഹര്‍ തായങ്കരിയില്‍ മത്സരിച്ചു വിജയിച്ച വേമ്പനാട്ട് ബോട്ട് ക്ളബ് ഇത്തവണ കാരിച്ചാലില്‍ എത്തി വിജയം ആവര്‍ത്തിക്കുകയായിരുന്നു.  

1970ല്‍ നീറ്റിലിറക്കിയ കാരിച്ചാല്‍ രണ്ടുതവണ ഹാട്രിക് നേട്ടമുള്‍പ്പെടെ ഇത് 14ാമത് തവണയാണ് നെഹ്റു ട്രോഫിയില്‍ മുത്തമിടുന്നത്. ഇത് റെക്കോഡാണ്. 25 ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. അഞ്ച് ചുണ്ടന്‍ വള്ളങ്ങള്‍ പ്രദര്‍ശന മത്സരത്തിലും പങ്കെടുത്തു. ഇതില്‍ ബ്രിജേഷ് സുരേന്ദ്രന്‍ ക്യാപ്റ്റനായ മഹാദേവികാട് ചുണ്ടന്‍ വിജയിച്ചു. കഴിഞ്ഞതവണ ജേതാക്കളായിരുന്ന ജവഹര്‍ തായങ്കരിക്ക് ഇത്തവണ മൂന്നാം സ്ഥാനക്കാരുടെ മത്സരത്തിലെ ഒന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ലൂസേഴ്സ് ഫൈനലില്‍ സെന്‍റ് പയസ് ടെന്‍ത് ചുണ്ടന്‍ വിജയിച്ചു. ആയാപറമ്പ് വലിയ ദിവാന്‍ജി രണ്ടാമതും പായിപ്പാടന്‍ മൂന്നാമതുമത്തെി.
ഇരുട്ടുകുത്തി എ ഗ്രേഡില്‍  മൂന്നുതൈക്കലും ബി ഗ്രേഡില്‍ തുരുത്തിപ്പുറവും ഒന്നാമതത്തെി. വെപ്പ് ബി ഗ്രേഡില്‍ ചിറമേല്‍തോട്ടുകടവനും വെപ്പ് എ ഗ്രേഡില്‍ കോട്ടപ്പറമ്പനും ഒന്നാമതത്തെി. വനിതകളുടെ മത്സരത്തില്‍ തറ വള്ളങ്ങളില്‍ കാട്ടില്‍ തെക്കേതില്‍(സംഗീത ബോട്ട് ക്ളബ്) ഒന്നാമതും സാരഥി രണ്ടാമതുമത്തെി. കെട്ടുവള്ളത്തില്‍ കമ്പനി വള്ളം (ഫ്രന്‍ഡ്സ് വനിത ബോട്ട് ക്ളബ്) ഒന്നാമതും കാട്ടില്‍ തെക്ക് രണ്ടാമതും എത്തി. ചുരുളന്‍ വള്ളങ്ങളില്‍ കോടിമത വിജയിച്ചു. വേലങ്ങാടന്‍ രണ്ടാമതത്തെി.
ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ജലമേള ഉദ്ഘാടനം ചെയ്തു. സമ്മാന വിതരണവും അദ്ദേഹം  നിര്‍വഹിച്ചു.  മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എ.സി. മൊയ്തീന്‍ മാസ്ഡ്രില്‍ ഫ്ളാഗ് ഓഫ് ചെയ്തു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.