തദ്ദേശ സ്ഥാപനാംഗങ്ങളുടെ വേതനം ഇരട്ടിയാക്കി

പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ വേതനം ഇരട്ടിയാക്കി ഉത്തരവിറങ്ങി. ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. ജനപ്രതിനിധികളുടെ വേതനവര്‍ധന പഠിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണ്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസര്‍ എസ്. ദിവാകരന്‍ പിള്ള എന്നിവര്‍ അംഗങ്ങളായ സമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഉത്തരവ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഭേദഗതികളോടെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഉത്തരവ് ഇറങ്ങിയത് ഇപ്പോഴാണ്.

പുതുക്കിയ വേതനം ഇപ്രകാരമാണ് ബ്രാക്കറ്റില്‍ പഴയ തുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്-15,800 (7900), വൈസ് പ്രസിഡന്‍റ്-13,200 (6600), സ്ഥിരം സമിതി അധ്യക്ഷന്‍-9400 (4700), അംഗങ്ങള്‍-8800 (4400). ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ്-14,600 (7300), വൈസ് പ്രസിഡന്‍റ്-12,000(6000), സ്ഥിരം സമിതി അധ്യക്ഷന്‍-8800(4400), അംഗങ്ങള്‍-7600 (3800). ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്-13200(6600), വൈസ് പ്രസിഡന്‍റ്-10,600 (5300), സ്ഥിരം സമിതി അധ്യക്ഷന്‍-8200 (4100), അംഗങ്ങള്‍-7000(3500). കോര്‍പറേഷന്‍ മേയര്‍-15800 (7900), ഡെപ്യൂട്ടി മേയര്‍-13,200(6600), സ്ഥിരം സമിതി അധ്യക്ഷന്‍-9400 (4700), കൗണ്‍സിലര്‍-8200 (4100). നഗരസഭ അധ്യക്ഷന്‍-14,600 (7300), വൈസ് ചെയര്‍മാന്‍-12,000 (6000), സ്ഥിരം സമിതി അധ്യക്ഷന്‍ 9400 (4700), കൗണ്‍സിലര്‍-7600 (3800).

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും മേയര്‍മാരുടെയും വേതനം 7900ല്‍നിന്ന് 30,000 രൂപ ആക്കാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരുടെ വേതനം 6600ല്‍നിന്ന് 20,000 രൂപയായി ഉയര്‍ത്താനുമായിരുന്നു സമിതി ശിപാര്‍ശ. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും നഗരസഭാ ചെയര്‍മാന്‍മാരുടെയും വേതനം 7300ല്‍നിന്ന് 22,000 ആക്കാനും ശിപാര്‍ശ വന്നു. എന്നാല്‍, മൂന്നിരട്ടി വര്‍ധനക്ക് പകരം ഇരട്ടി വര്‍ധനയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.

ഇതിന് പുറമെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് സിറ്റിങ് ഫീസും ലഭിക്കും. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് രണ്ടുതവണ വേതനം വര്‍ധിപ്പിച്ചിരുന്നു. ആദ്യകാലത്ത് സിറ്റിങ് ഫീസ് മാത്രമാണ് ലഭിച്ചിരുന്നത്. നഗരപാലിക, പഞ്ചായത്തീരാജ് നിയമങ്ങള്‍ നടപ്പിലാക്കിയതിനുശേഷമാണ് വേതനം വര്‍ധിപ്പിച്ചുതുടങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.