തിരുവനന്തപുരം: കേരളത്തിൽ 1793 കാട്ടാനകളുണ്ടെന്ന് വനംവകുപ്പ്. മേയ് 23, 24, 25 തീയതികളിലാണ് കാട്ടാനകളുടെ കണക്കെടുത്തത്. 2023ലെടുത്ത കണക്കെടുപ്പ് പ്രകാരം 1920 കാട്ടാനകളുണ്ടായിരുന്നെന്നും ഇത്തവണ എണ്ണത്തിൽ കുറവുണ്ടായെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ 9622.708 ചതുരശ്ര കിലോമീറ്റർ വനമേഖലയിൽ ആനകളുള്ളതായി കണ്ടെത്തിയ 3499.52 ചതുരശ്ര കിലോമീറ്ററിലെ നാലുമുതൽ 7.09 ചതുരശ്ര കിലോമീറ്റർ വരെയുള്ള 608 സാമ്പിൾ ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുത്തത്. തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളും ഇതേദിവസം കണക്കെടുത്തു. ബ്ലോക്ക് കൗണ്ട്, ഡംഗ് കൗണ്ട്, ആനകളെ കാണാനിടയുള്ള വാട്ടർഹോൾ-അരുവികൾ കേന്ദ്രീകരിച്ചുള്ള ഓപൺ ഏരിയ കൗണ്ട് എന്നീ രീതിയിലായിരുന്നു സെൻസസ്.
ബ്ലോക്ക് കൗണ്ടിൽ ഒറ്റയാൻ ഉൾപ്പെടെ 384 ഗ്രൂപ്പുകളിലായി 1073 ആനകളെയാണ് നേരിട്ടുള്ള പരിശോധനയിൽ കണ്ടെത്തിയത്. ബാക്കിയുള്ളവ ഡംഗ് കൗണ്ട്, ഓപൺ ഏരിയ കൗണ്ട് എന്നീ രീതികളിലൂടെ കണ്ടെത്തുകയായിരുന്നു.
നേരിട്ടെണ്ണിയതിൽ 81 എണ്ണത്തിനെ തരംതിരിക്കാനായിട്ടില്ല. ബാക്കിയുള്ള 992 ആനകളിൽ മുതിർന്ന ആനകൾ 61 ശതമാനവും അതിൽ താഴെയുള്ളവ 18 ശതമാനവും കുട്ടിയാനകൾ 20 ശതമാനവുമുണ്ട്. എണ്ണം കുറയാനുള്ള കാരണങ്ങൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.