ജി.സി.ഡി.എ മുന്‍ ചെയര്‍മാനടക്കം നാലുപേര്‍ക്കെതിരെ വിജിലന്‍സ് കേസ്

കൊച്ചി: ഭൂമി ഇടപാടില്‍ കോടികളുടെ ക്രമക്കേട് കണ്ടത്തെിയതിനത്തെുടര്‍ന്ന് ജി.സി.ഡി.എ മുന്‍ചെയര്‍മാന്‍ എന്‍. വേണുഗോപാലടക്കം നാലുപേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. കൊച്ചി നഗരത്തിലെ നാലിടങ്ങളില്‍ ഒരേക്കറിലേറെ സ്ഥലം തുച്ഛവിലയ്ക്ക് വിറ്റതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്. വേണുഗോപാലിന് പുറമെ ജി.സി.ഡി.എ സെക്രട്ടറി ആര്‍. വേലു, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അക്ബര്‍ ബഹാദൂര്‍ ഷാ, അബ്ദുല്‍ റഷീദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ത്വരിത പരിശോധനക്കുശേഷം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് കൊച്ചി സെല്‍ എസ്.പി വി.എന്‍. ശശിധരന്‍, ഡിവൈ.എസ്.പി കെ.ആര്‍. വേണുഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് തുടക്കംകുറിച്ചു. പനമ്പിള്ളി നഗര്‍ പാസ്പോര്‍ട്ട് ഓഫിസിന് സമീപം 20 സെന്‍റ്, തേവര-പനമ്പിള്ളിനഗര്‍ റോഡില്‍ 20 സെന്‍റ്, എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം 20 സെന്‍റ്, ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷന് സമീപം 50 സെന്‍റ് എന്നിങ്ങനെ ഒരേക്കര്‍ 10 സെന്‍റ് ഭൂമിയാണ് കുറഞ്ഞവിലയ്ക്ക് വിറ്റത്. ചെയര്‍മാനും സെക്രട്ടറിയും മറ്റ് അംഗങ്ങളും കൂടി എക്സിക്യൂട്ടിവ് കമ്മിറ്റി ചേര്‍ന്നാണ് സ്ഥലത്തിന് വിലനിശ്ചയിച്ചത്. എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ പനമ്പിള്ളി നഗര്‍, പനമ്പിള്ളി നഗര്‍-തേവര റോഡ് എന്നിവിടങ്ങളിലെ 20 സെന്‍റ് വീതമുള്ള സ്ഥലത്തിന് സെന്‍െറാന്നിന് 30 ലക്ഷം രൂപ വീതമാണ് വിലനിശ്ചയിച്ചത്. എന്നാല്‍, പനമ്പിള്ളി നഗറിലേത് 12 ലക്ഷത്തിനും തേവര റോഡിലേത് 15 ലക്ഷത്തിനുമാണ് സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റത്.

പത്രത്തില്‍ ചെറിയ നോട്ടീസ് മാത്രം നല്‍കി ടെന്‍ഡര്‍ ക്ഷണിച്ചതിനാല്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനും അംബേദ്കര്‍ സ്റ്റേഡിയത്തിനുമടുത്തുള്ള സ്ഥലത്തിന് 15 ലക്ഷം രൂപയാണ് എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിശ്ചയിച്ചത്. എന്നാല്‍, ഇതിന്‍െറ വില്‍പന സെന്‍റിന് 12 ലക്ഷം എന്ന നിരക്കിലാണ്. ഗാന്ധിനഗറിലെ സ്ഥലവുമായി ബന്ധപ്പെട്ട് നേരത്തേ ഹൈകോടതിയില്‍ കേസ് നിലവിലുണ്ടായിരുന്നു. ഈ കേസില്‍ കഴിഞ്ഞവര്‍ഷം ജി.സി.ഡി.എക്ക് അനുകൂലമായി കോടതി ഉത്തരവുണ്ടായതോടെ തടസ്സം നീങ്ങി. എന്നാല്‍, കേസ് ഉണ്ടായിരുന്ന ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി ഈ വസ്തു സെന്‍െറാന്നിന് 7.8 ലക്ഷം മാത്രമാണ് വിലനിശ്ചയിച്ചത്. എട്ട് ലക്ഷത്തിനാണ് ഇത് വിറ്റത്.
കൊച്ചിയിലെ കണ്ണായ ഈ സ്ഥലങ്ങളുടെ വില്‍പനയിലൂടെ 7.8 കോടിയുടെ നഷ്ടം ജി.സി.ഡി.എക്ക് ഉണ്ടായതായാണ് വിജിലന്‍സിന്‍െറ പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തെിയത്. 2013 -2015 കാലയളവിലാണ് ഈ വില്‍പനകള്‍ നടന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.