കോഴിക്കോട്: യു.ഡി.എഫ് വിട്ട കെ.എം. മാണിയെ തിരികെ കൊണ്ടുവരാന്‍ മധ്യസ്ഥ ചര്‍ച്ചക്കില്ളെന്നും കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുന്നണിയെ നയിക്കേണ്ട കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഭിന്നസ്വരം തിരുത്തല്‍ അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലീഗ് സംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം. മാണി മുന്നണി വിട്ടുപോയതിനുശേഷമുള്ള സാഹചര്യം കൗണ്‍സില്‍ ഏറെ ചര്‍ച്ച ചെയ്തു. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ലീഗിന് താല്‍പര്യമുണ്ട്. മധ്യസ്ഥ ചര്‍ച്ചക്കിറങ്ങിയാല്‍ അത് ഫലം കാണണം. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു സാഹചര്യമല്ല ഇപ്പോഴുള്ളത്. മുന്നണിയെ നയിക്കേണ്ട കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടെന്ന് എ.കെ. ആന്‍റണി തന്നെ തുറന്നുപറഞ്ഞു. യു.ഡി.എഫില്‍ യോജിച്ച പ്രവര്‍ത്തനമില്ലാത്തത് ഗൗരവമായാണ് ലീഗ് കാണുന്നത്. കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കണമെന്നാണ് ലീഗിന്‍െറ താല്‍പര്യമെന്നും മാണിക്കു പിന്നാലെ പോവാനൊന്നും ഉദ്ദേശ്യമില്ളെന്നും അദ്ദേഹം വിശദീകരിച്ചു.
യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയത്തെ തകിടംമറിക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ മദ്യലോബി നടത്തിയ ഗൂഢാലോചന ഇപ്പോള്‍ പുറത്തുവന്നിരിക്കയാണ്. ഗാന്ധിജയന്തി ദിനത്തില്‍ നിശ്ചിത എണ്ണം ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ അടച്ചുപൂട്ടുമെന്ന തീരുമാനം അട്ടിമറിച്ചു. ത്രീസ്റ്റാര്‍ ബാറുകള്‍ ഫോര്‍ സ്റ്റാര്‍ ആക്കുന്ന തിരക്കിലാണ്. 400ഓളം ബാറുകള്‍ ഉടന്‍ തുറക്കുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ ശക്തമായ പ്രക്ഷോഭം നടത്തും.
കേന്ദ്രസര്‍ക്കാറിന്‍െറ ദലിത്-ന്യൂനപക്ഷ നിലപാടുകള്‍ക്കെതിരെ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്താനും കൗണ്‍സില്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. തൂണേരിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നിഷ്ഠുരമായി കൊല്ലപ്പെട്ട സംഭവത്തെ കൗണ്‍സില്‍ അപലപിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടിക്കാന്‍ കഴിയാത്ത നിലപാടില്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. പ്രതികളെ പിടിക്കാത്ത പൊലീസ് നിലപാടിനെതിരെ സമരം നടത്തുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ലീഗ് കോഴിക്കോട് ജില്ലാ ജന. സെക്രട്ടറിയെ രണ്ടുദിവസത്തിനകം തീരുമാനിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. തിരുവമ്പാടി, കൊടുവള്ളി മണ്ഡലം കമ്മിറ്റികളുടെ പുന$സംഘാടനവും ഉടനുണ്ടാവും. ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.