കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ കൈയേറ്റംചെയ്ത് സസ്പെന്‍ഷനിലായ എസ്.ഐ വിമോദ് തെറ്റുകാരനാണെന്നറിഞ്ഞിട്ടും പിന്തുണക്കുകയായിരുന്നെന്ന് അഭിഭാഷക സംഘടനാ നേതാവിന്‍െറ വെളിപ്പെടുത്തല്‍. നിരപരാധികളെ വിമോദ് അസഭ്യം പറയുന്നതിന് താന്‍ നേരിട്ട് സാക്ഷിയായിട്ടുണ്ടെന്നും ബാര്‍ ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. ബേപ്പൂര്‍ എസ്.ഐക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യവേയാണ് രാധാകൃഷ്ണന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. തങ്ങള്‍ കൊടുത്ത സത്യവാങ്മൂലത്തിന്‍െറ അടിസ്ഥാനത്തില്‍ വിമോദിനെ സര്‍വിസില്‍ തിരിച്ചെടുക്കുമെന്നാണ് വിവരം. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിമോദിനെ പിന്തുണക്കാന്‍ തീരുമാനിച്ചത്. ഇയാളുടെ പല നടപടികളും തെറ്റാണെന്ന് അറിഞ്ഞിട്ടുതന്നെയാണ് അങ്ങനെ തീരുമാനമെടുത്തത്. വഴിയോരക്കച്ചവടക്കാരോടും മറ്റും എസ്.ഐ വിമോദ് വളരെ മോശമായി പെരുമാറുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും സി.പി.എമ്മിന്‍െറ മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റുമായിരുന്ന രാധാകൃഷ്ണന്‍ പറഞ്ഞു. ഐസ്ക്രീം പാര്‍ലര്‍ കേസ് പരിഗണിക്കുന്ന ദിവസം ജില്ലാ കോടതിയില്‍ എത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയാണ് ടൗണ്‍ എസ്.ഐ വിമോദ് മര്‍ദിച്ചത്. വിഷയത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ക്ഷമ ചോദിച്ചതിനുശേഷവും എസ്.ഐ മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതി റദ്ദാക്കുന്നതിനായി ഹൈകോടതിയെ സമീപിച്ച വിമോദിന് നൂറില്‍പരം അഭിഭാഷകരുടെ വക്കാലത്താണ് ഉണ്ടായിരുന്നത്.
വിമോദിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. വിമോദിനെതിരായ കേസില്‍ പൊലീസ് ചുമത്തിയ പല വകുപ്പുകളും ഹൈകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.