കെ.ബി.പി.എസ് മരം മുറി: തച്ചങ്കരിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന

കൊച്ചി: കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍സ് സൊസൈറ്റി (കെ.ബി.പി.എസ്) വളപ്പിലെ 350ഓളം തേക്ക് മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് എം.ഡി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന തുടങ്ങി. ഇതുസംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകനായ പ്രഫ. എസ്. സീതാരാമനാണ് വിജിലന്‍സിന് പരാതി നല്‍കിയത്. പരാതിയില്‍ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എറണാകുളം വിജിലന്‍സ് റേഞ്ചിന് നിര്‍ദേശം നല്‍കുകയായിരുന്നു.

നടപടിക്രമം പാലിക്കാതെയാണ് മരം മുറിച്ചതെന്നും ഇതില്‍ രണ്ടുകോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായും പരാതിയില്‍ പറയുന്നു. മരം മുറിക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പില്‍ അപേക്ഷ നല്‍കുകയും അവിടെനിന്നുള്ള സംഘം പരിശോധന നടത്തുകയും വേണം. അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍, പരിസ്ഥിതി വിദഗ്ധന്‍, സ്ഥലത്തെ കൗണ്‍സിലര്‍, എന്‍ജിനീയര്‍ എന്നിവര്‍ അടങ്ങിയതാണ് പരിശോധനാ സമിതി. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് അനുമതി നല്‍കിയാല്‍ മാത്രമേ മരം മുറിക്കാവൂ.

അഞ്ചുവര്‍ഷം മുമ്പ് സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്‍െറ അനുമതി തേടിയിരുന്നു. ഒരു പരിശോധനയും നടത്താതെ അന്നത്തെ അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനുമതി നല്‍കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അനുമതിക്ക് രണ്ടുവര്‍ഷം മാത്രമാണ് പ്രാബല്യമുണ്ടാവുക. എന്നാല്‍, ടോമിന്‍ തച്ചങ്കരി എം.ഡി ആയ ശേഷം അഞ്ചുവര്‍ഷം മുമ്പ് ലഭിച്ച കാലഹരണപ്പെട്ട അനുമതി ഉപയോഗിച്ച് മരം മുറിച്ചുമാറ്റുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വെട്ടിയ മരങ്ങളെല്ലാം അറക്കുന്നതിനായി പുറത്തു കൊണ്ടുപോയി. എത്ര ലോഡ് പോയെന്നതിനോ എത്രമാത്രം തടി ഉണ്ടായിരുന്നുവെന്നതിനോ കണക്ക് രേഖപ്പെടുത്തിയിട്ടില്ല. ഓഫിസിലേക്ക് ആവശ്യമായ ഫര്‍ണിച്ചര്‍ ഉണ്ടാക്കിയെന്നാണ് കെ.ബി.പി.എസ് നല്‍കുന്ന വിശദീകരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.