ശബരിമല: ശബരിമലയിലേക്ക് എത്തുന്ന ഭക്തർ ഇരുമുടിക്കെട്ടിൽ അടക്കം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൊണ്ടുവരുന്ന പ്രവണത അവസാനിപ്പിക്കണമെന്ന തന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും നിർദേശങ്ങളെ അവഗണിച്ച് സന്നിധാനത്തേക്ക് പ്രതിദിനം എത്തുന്നത് ടൺ കണക്കിന് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ. കാനന ക്ഷേത്രമായ ശബരിമലയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞ കൂടുന്നത് മനുഷ്യന് മാത്രമല്ല പ്രകൃതിക്കും പക്ഷി മൃഗാദികൾക്കും ഒരുപോലെ ദോഷമാണെന്ന് കണ്ടെത്തിയതോടെയാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് എത്തുന്ന ചന്ദനത്തിരി, കർപ്പൂരം, കുരുമുളക് തുടങ്ങിയ പൂജാസാധനങ്ങളും കുടിവെള്ളം അടക്കം കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് തന്ത്രി നിർദേശിച്ചത്.
ഇതേതുടർന്ന് ദേവസ്വം ബോർഡിൻറെ നേതൃത്വത്തിൽ സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും അടക്കം വ്യാപകമായ ബോധവൽക്കരണവും നടത്തിയിരുന്നു. എന്നാൽ, മണ്ഡലകാല ആരംഭം മുതൽ സന്നിധാനത്തേക്ക് എത്തുന്ന ഭക്തരിൽ ബഹുഭൂരിപക്ഷവും ഇരുമുടിക്കെട്ടിലും അല്ലാതെയും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൊണ്ടുവരുന്നത് ഒഴിവാക്കാൻ തയാറായിട്ടില്ല എന്നതിന് തെളിവാണ് സന്നിധാനത്തിന്റെ പല ഭാഗങ്ങളിലായി കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ.
20 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ വരെ സംസ്കരിക്കാൻ ശേഷിയുള്ള പ്ലാൻറ് സന്നിധാനം പാണ്ടിത്താവളത്തിന് സമീപം പ്രവർത്തിക്കുന്നുണ്ട്. പ്രതിദിനം 22 മണിക്കൂർ സമയം പ്രവർത്തിക്കുന്ന പ്ലാന്റിൽ മണിക്കൂറിൽ 700 ടൺ വരെ മാലിന്യങ്ങൾ സംസ്കരിക്കാനാവും. എന്നാൽ ഇതിൻറെ ഇരട്ടിയോളം വരുന്ന മാലിന്യങ്ങൾ ആണ് മുൻവർഷങ്ങളിൽ അടക്കം സന്നിധാനത്ത് കുമിഞ്ഞു കൂടുന്നത്.
ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് ഇക്കുറി ഇരുമുടിക്കെട്ടിൽ നിന്നും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഒഴിവാക്കണം എന്ന നിർദേശം ഭക്തർക്ക് അടക്കം നൽകിയത്. നിയന്ത്രണാതീതമായ തരത്തിൽ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടുന്നത് വരും കാലങ്ങളിൽ ശബരിമലയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കാവുന്ന അതിനുള്ള ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിതെളിച്ചേക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.